ജിസിസി ഉച്ചകോടിക്ക് റിയാദിൽ കൊടിയിറങ്ങി: അംഗ രാജ്യങ്ങളുടെ ഐക്യത്തിന് ആഹ്വാനം
എല്ലാ വെല്ലുവിളികളെയും നേരിടാൻ ഒട്ടക്കെട്ടായി പ്രവർത്തിക്കുമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ജിസിസി രാജ്യങ്ങളിലെ സംയുക്ത നിക്ഷേപങ്ങൾ ഇരട്ടിയാക്കാനും ഉച്ചകോടിയിൽ ധാരണയായി.
ജിസിസി അംഗ രാജ്യങ്ങളുടെ ഐക്യം വിളംബരം ചെയ്ത് നാൽപത്തി രണ്ടാമത് ജിസിസി ഉച്ചകോടിക്ക് റിയാദിൽ കൊടിയിറങ്ങി. എല്ലാ വെല്ലുവിളികളെയും നേരിടാൻ ഒട്ടക്കെട്ടായി പ്രവർത്തിക്കുമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ജിസിസി രാജ്യങ്ങളിലെ സംയുക്ത നിക്ഷേപങ്ങൾ ഇരട്ടിയാക്കാനും ഉച്ചകോടിയിൽ ധാരണയായി.
റിയാദിലെ ദർഇയ കൊട്ടാരത്തിലായിരുന്നു ജിസിസി ഉച്ചകോടി നടന്നത്. ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽഹജ്റഫാണ്ഉച്ചകോടിയുടെ അന്തിമ പ്രഖ്യാപനങ്ങൾ അറിയിച്ചത്. ഗൾഫ് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയിൽ പരസ്പരം ഭിന്നിപ്പിക്കാൻ ആർക്കും കഴിയില്ല. അംഗരാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണവും അതിലെ എല്ലാ അംഗങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കും. ജി.സി.സി രാജ്യങ്ങളിൽ ഡിജിറ്റൽ പരിവർത്തനവും സൈബർ സുരക്ഷയും സ്ത്രീകളുടെയും യുവാക്കളുടെയും മുന്നേറ്റവും ലക്ഷ്യം വെച്ചുള്ള പദ്ധതിയുണ്ടാകും.
രാജ്യങ്ങളുടെ ഐക്യദാർഢ്യവും സ്ഥിരതയും വർധിപ്പിക്കുന്ന തരത്തിൽ നിലപാടുകൾ ഏകോപിപ്പിക്കണം. രാജ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും പ്രാദേശികവും അന്തർദേശീയവുമായ സംഘർഷങ്ങൾ ഒഴിവാക്കും. അംഗരാജ്യങ്ങളുടെ വിദേശനയങ്ങൾ ഒന്നിപ്പിക്കാൻ യോജിച്ച ശ്രമങ്ങൾ വേണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. അംഗരാജ്യങ്ങൾ പ്രാദേശികവും അന്തർദേശീയവുമായ സംഘർഷങ്ങളോ അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതോ ഒഴിവാക്കണം.
സംയുക്ത നിക്ഷേപം ഇരട്ടിയാക്കും. ഇതിനായി രാജ്യങ്ങൾക്കിടയിൽ റോഡ്, റെയിൽ, ആശയവിനിമയ ശൃംഖലകൾ വികസിപ്പിക്കണം. പരസ്പരം സഹകരിക്കാതെ വളരാനാകില്ലെന്നും ഉച്ചകോടി ഉണർത്തി. ഖത്തറുമായുള്ള ഉപരോധം അവസാനിച്ച ശേഷമുള്ള ആദ്യ ജിസിസി ഉച്ചകോടിയാണ് ഇന്നലെ രാത്രി നടന്നത്. യുഎഇ വൈസ് പ്രസിഡണ്ട്, ഖത്തർ അമീർ, ബഹ്റൈൻ രാജാവ്, ഒമാൻ ഭരണാധികാരി എന്നിവർ ഉച്ചകോടിയിലെത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനായിരുന്നു അധ്യക്ഷൻ.
Adjust Story Font
16