ഹജ്ജ്: 20 ലക്ഷത്തിലേറെ വിശ്വാസികൾ ഇന്ന് മിനായിലേക്ക്
വെള്ളിയാഴ്ച തീർത്ഥാടകർ മിനായിൽ തങ്ങും
മക്ക: ഹജ്ജിനായി 20 ലക്ഷത്തിലേറെ വിശ്വാസികൾ ഇന്ന് വൈകുന്നേരത്തോടെ മിനായിലേക്ക് നീങ്ങും. നാളെ രാത്രിക്ക് മുന്നോടിയായി മുഴുവൻ തീർത്ഥാടകരും മിനായിൽ തങ്ങും. 1,75,000ത്തിലേറെ ഇന്ത്യൻ തീർത്ഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത്. കനത്ത സുരക്ഷയിലാണ് മിനാ നഗരി. പെർമിറ്റില്ലാത്തവർക്ക് പുണ്യ നഗരികളിലേക്ക് കടക്കാനാകില്ല. ഹജ്ജ് ഏജൻസികൾ ഏർപ്പെടുത്തുന്ന ബസ്സുകളിലാകും തീർത്ഥാടകർ നാളെ മിനായിലെത്തുക. വെള്ളിയാഴ്ച തീർത്ഥാടകർ മിനായിൽ തങ്ങും.
അതേസമയം, തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി ഇന്ത്യൻ ഹജ്ജ് മിഷൻ പ്രഖ്യാപിച്ചു. 'ഇന്ത്യയിൽ നിന്നുള്ളവരെല്ലാം എത്തി. എല്ലാവരും മക്കയിലാണ്. നാളെ വൈകുന്നേരം തീർത്ഥാടകരെല്ലാം മിനായിലേക്ക് നീങ്ങും. മറ്റന്നാൾ ഉച്ചയോടെ തീർത്ഥാടകരെല്ലാം മിനായിലെത്തും. ശനിയാഴ്ചയാണ് അറഫയിലേക്ക് നീങ്ങുക' ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.
ശനിയാഴ്ച മെട്രോ ട്രെയിനിലും ബസ്സുകളിലുമായി തീർത്ഥാടകർ അറഫാ സംഗമത്തിനായി നീങ്ങും. മഹറമില്ലാത്ത വിഭാഗത്തിലെ അയ്യായിരത്തിലേറെ വനിതകൾക്ക് പ്രത്യേകം സൗകര്യങ്ങളുണ്ടാകും.
അറഫ കഴിഞ്ഞാൽ തീർത്ഥാടകർ സ്വന്തം നിലക്കാകും കർമങ്ങൾ പൂർത്തിയാക്കാൻ കഅബക്കരികിലേക്ക് പോവുക. ഈ സമയം പരമാവധി സംഘങ്ങളായി നീങ്ങണമെന്ന് തീർത്ഥാടകർക്ക് നിർദേശമുണ്ട്. ചൂടുൾപ്പെടെ നേരിടാനുള്ള നിർദേശം തീർത്ഥാടകർക്ക് നൽകിയിട്ടുണ്ട്. മുഴുവൻ തീർത്ഥാടകർക്കും വിവരങ്ങളടങ്ങിയ ടാഗുകളും വളകളും നൽകിയതിനാൽ വഴി തെറ്റിയാലും അവർക്ക് സ്വസ്ഥമായി തിരികെ എത്താനാകും.
മിനായിൽ സംഗമിക്കുക 25 ലക്ഷത്തിനടുത്ത് ഹാജിമാർ
ഹജ്ജിനായി 25 ലക്ഷത്തിനടുത്ത് ഹാജിമാരാണ് മിനായിൽ സംഗമിക്കുക. ഹജ്ജിലെ പുണ്യ സ്ഥലമാണ് മിന. അതിന്റെ ചരിത്രം പ്രവാചകൻ ഇബ്രാഹിം നബിയുമായി ബന്ധപ്പെട്ടാണ് ആരംഭിക്കുന്നത്. ഹജ്ജിനായി മിനായിൽ തമ്പടിക്കുന്ന ഹാജിമാർ ഇബ്രാഹിം നബിയുടെ സ്മരണകളിലൂടെയാണ് കടന്നു പോകുന്നത്. മകൻ ഇസ്മാഈലിനെ ബലി നൽകാൻ അല്ലാഹുവിന്റെ കൽപനയുണ്ടാകുന്നത് നബിക്ക് ബോധ്യപ്പെടുന്നത് മിനായിൽ വെച്ചാണ്. മകനെ ബലി നൽകാൻ തയ്യാറാകുന്ന ഇബ്രാഹിം നബിയോടെ അല്ലാഹു ഒരാടിനെ അറുക്കുവാനാണ് ആവശ്യപ്പെടുന്നത്. പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിന്റെ സ്വാധീനത്തെ കല്ലെറിഞ്ഞോടിക്കുന്നതും മിനായിലെ ജംറയിൽ വെച്ചു തന്നെ. അതിന്റെ ഓർമ പുതുക്കിയാണ് ഹാജിമാർ ജീവിതത്തിലെ പൈശാചികതയെ ഇവിടെ കല്ലെറിഞ്ഞോടിക്കുന്നത്. ദൈവത്തിന് വേണ്ടിയുളള ത്യാഗത്തിന്റെ സ്മരണകളിലൂടെയാണ് ഹജ്ജിന്റെ എല്ലാ കർമങ്ങളും. അതിൽ ഏറ്റവും പ്രധാനപ്പെട്ട തുടക്കമാണ് മിന. മിനായിലാണ് ഹജ്ജ് കഴിയുന്നത് വരെ ഹാജിമാർ തങ്ങുന്നത്. ഇതേ മിനായിൽ വെച്ചാണ് ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനമായ അഖബാ ഉടമ്പടി ഒപ്പുവെക്കുന്നതും. ഹജ്ജിന് തുടക്കമാവുകയാണ്.
മിനായിലെ ഏറ്റവും വലിയ പള്ളിയാണ് മസ്ജിദ് ഖുലൈഫ്. പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് സമയത്ത് പ്രാർഥിച്ചത് ഇവിടെയായിരുന്നു. ഹജ്ജിനായി ഹാജിമാർ വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷം അറഫയിലേക്ക് പുറപ്പെടും. ശനിയാഴ്ചയാണ് അറഫാ സംഗമം. അത് കഴിഞ്ഞ് മടങ്ങുമ്പോൾ മുസ്ദലിഫയിൽ തങ്ങും. ശേഷം മിനായിലേക്ക് തിരികെ വരും. പിന്നീട് ഹാജിമാർക്ക് കല്ലേറ് കർമമാണ് ബാക്കിയുണ്ടാവുക. അത് തീരും വരെ ഹാജിമാർ തങ്ങുന്നത് മിനായിലാണ്.
Adjust Story Font
16