Quantcast

ഹജ്ജിന് മുമ്പുള്ള അവസാന വെള്ളിയിൽ നിറഞ്ഞൊഴുകി മക്ക ഹറം

ഹജ്ജ് കമ്മിറ്റി മുഖേന 54,337 മലയാളി ഹാജിമാരാണ് ഇത്തവണ എത്തിയത്. പ്രൈവറ്റ് ഗ്രൂപ്പ് വഴിയെത്തിയ ഹാജിമാരടക്കം എഴുപതിനായിരത്തോളം ഇന്ത്യൻ തീർഥാടകർ ജുമുഅയിലും പ്രാർത്ഥനയിലും പങ്കെടുത്തു.

MediaOne Logo

Web Desk

  • Updated:

    2022-07-01 18:37:44.0

Published:

1 July 2022 6:34 PM GMT

ഹജ്ജിന് മുമ്പുള്ള അവസാന വെള്ളിയിൽ നിറഞ്ഞൊഴുകി മക്ക ഹറം
X

ഹജ്ജിന് മുന്നോടിയായുള്ള അവസാന വെള്ളിയാഴ്ച മക്കാ ഹറം ഹാജിമാരാൽ നിറഞ്ഞൊഴുകി. അതിരാവിലെ മുതൽ തന്നെ ഹാജിമാർ പ്രാർഥനക്കായി ഹറമിൽ എത്തിയിരുന്നു. നൂറു കണക്കിന് ബസുകളാണ് ഹാജിമാരുടെ സേവനത്തിനുണ്ടായിരുന്നത്.

ഹജ്ജ് കമ്മിറ്റി മുഖേന 54,337 മലയാളി ഹാജിമാരാണ് ഇത്തവണ എത്തിയത്. പ്രൈവറ്റ് ഗ്രൂപ്പ് വഴിയെത്തിയ ഹാജിമാരടക്കം എഴുപതിനായിരത്തോളം ഇന്ത്യൻ തീർഥാടകർ ജുമുഅയിലും പ്രാർത്ഥനയിലും പങ്കെടുത്തു.

ഹറമിന് പരിസരത്തേക്കുള്ള റോഡുകൾ തിരക്ക് ഒഴിവാക്കാൻ നേരത്തെ അടച്ചിരുന്നു. പുലർച്ചെ മുതൽ ഇന്ത്യൻ ഹജ്ജ് മിഷനും വളണ്ടിയർമാരും ഹാജിമാരെ ഹറമിലേക്ക് എത്തിച്ചു. രാവിലെ 10.30 ഓടെ മുഴുവൻ ഇന്ത്യൻ തീർഥാടകരും ഹറമിൽ എത്തി. പിന്നെ ബസുകളിലും നടന്നുമായിരുന്നു മടക്കം.

ഹാജിമാരെ ഹറമിൽ എത്തിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനും വിവിധ ഇടങ്ങളിലായി ഉദ്യോഗസ്ഥർ തമ്പടിച്ചിരുന്നു. മലയാളികളടക്കമുള്ള വിവിധ സന്നദ്ധ സേവകർ കത്തുന്ന വെയിലിൽ ഹാജിമാർക്ക് തണലായി. വൈകീട്ട് നാല് മണിയോടെയാണ് മുഴുവൻ ഹാജിമാർക്കും ഹറമിൽ നിന്ന് പുറത്തുകടക്കാൻ ആയത്.

1500 ഓളം തീർത്ഥാടകർ മാത്രമാണ് ഇന്ത്യയിൽ നിന്ന് ഇനി ഹജ്ജിന് എത്താനുള്ളത്. മക്കയിൽ ശക്തമായ ചൂടാണ് ഏതാനും ദിവസങ്ങളായി തുടരുന്നത്. ഹജ്ജിലും സമാനമാകും സ്ഥിതി.

TAGS :

Next Story