സൗദിയിൽ ഹജ്ജ് പെർമിറ്റ് പരിശോധന ശക്തമാക്കി
നിയമലംഘകരെ കണ്ടെത്താനായി മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ശവ്വാൽ പതിനഞ്ച് മുതൽ തന്നെ പരിശോധന കർശനമാക്കിയിട്ടുണ്ട്
മക്ക: അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നതിനെതിരെ സൗദിയിൽ ശക്തമായ ക്യാമ്പയിൻ ആരംഭിച്ചു. ഹജ്ജിന് അനുമതി പത്രം നിർബന്ധമാക്കുന്നതും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനാണെന്ന് മക്ക മേഖല ഡെപ്യൂട്ടി അമീറും ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നതിനെതിരെ ആരംഭിച്ച പ്രത്യേക കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് സീസണിലേക്കുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി പൊതു സുരക്ഷ വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. മുഴുവൻ മേഖലയിലും സുരക്ഷ സേനയുടെ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ടെന്നും നിയമലംഘനം കണ്ടെത്തിയാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമലംഘകരെ കണ്ടെത്താനായി മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ശവ്വാൽ പതിനഞ്ച് മുതൽ തന്നെ പരിശോധന കർശനമാക്കിയിട്ടുണ്ട്. അനുമതി പത്രമില്ലാതെ ആരെയും മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. ജൂണ് 2 മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ഹജ്ജ് പെർമിറ്റ് നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നവരെ കണ്ടെത്താൻ മക്കയിലെ പാർപ്പിട കേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16