ഹമാസ് നേതാക്കളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചു: ചാനൽ മേധാവിമാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സൗദി
ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്റെ വധത്തിന് പിന്നാലെയായിരുന്നു ചാനൽ ചർച്ചയിലെ പരാമർശം
റിയാദ്: ഹമാസ് നേതാക്കളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചതിന് പിന്നാല ചാനൽ മേധാവിമാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സൗദിയിലെ മീഡിയ റഗുലേറ്ററി അതോറിറ്റി. യഹ്യ സിൻവാറിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തക്ക് പിന്നാലെയാണ് സൗദിയിലെ മുൻനിര ചാനൽ ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചത്. ഇത് അറബ് ലോകത്ത് വിവാദമായിരുന്നു. ഇറാഖിലെ ചാനലിന്റെ ഓഫീസിന് നേരെ പ്രതിഷേധവുമുണ്ടായി. ഇതിന് പിന്നാലെയാണ് വിവാദ റിപ്പോർട്ട് സംപ്രേഷണം ചെയ്ത ചാനലിനെതിരെ നടപടി. ചാനലിന്റെ പേര് അധികൃതകർ പുറത്ത് വിട്ടിട്ടില്ല. സൗദിയിലെ മാധ്യമ നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തവർക്കെതിരെ നടപടി വേഗത്തിലുണ്ടാകുമെന്ന് ജനറൽ അതോറിറ്റി ഓഫ് മീഡിയ റഗുലേഷൻ വ്യക്തമാക്കി.വാർത്തക്കെതിരെ സൗദിയിലുള്ളവരും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു.
സൗദിയുടെ നിരോധിത പട്ടികയിലുള്ള സംഘടനയാണ് ഹമാസ്. എന്നാൽ ഒക്ടോബർ ഏഴിന് ശേഷം ഹമാസിനെതിരെ സൗദി അറേബ്യ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. ഫലസ്തീൻ വിഷയത്തിൽ ഇസ്രയേലുമായി നേരത്തെ യുഎസ് മുഖേന സൗദി ചർച്ച നടത്തിയിരുന്നു. ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വ്യക്തമാക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലെ ചർച്ചകൾ നിലവിൽ അവസാനിപ്പിച്ചിട്ടുണ്ട്. 1967 അതിർത്തികളോടെ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കും വരെ ഇസ്രയേലുമായി ബന്ധമുണ്ടാകില്ലെന്ന് കിരീടാവകാശിയും വ്യക്തമാക്കിയിരുന്നു.
Adjust Story Font
16