Quantcast

സൗദി സ്‌കിൽ ബേസ്ഡ് ജോബ് വിസ വെരിഫിക്കേഷൻ: കൊച്ചിയിലും കോഴിക്കോട്ടും സെന്റർ ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ, അംബാസഡർക്ക് നിവേദനം നൽകി

വിഷയം എത്രയും പെട്ടെന്ന് സൗദി സർക്കാരുമായി ചർച്ച ചെയ്യുമെന്നും കേരളത്തിന്റെ ആവശ്യം ഉടൻ പരിഗണിക്കുമെന്നും അംബാസഡർ ഹാരിസ് ബീരാന് ഉറപ്പുനൽകി

MediaOne Logo

Web Desk

  • Published:

    10 Jan 2025 3:09 PM GMT

Haris Beeran MP meets Saudi Ambassador-in-Charge Riyad Al Kaabi, requesting test centers in Kerala for Saudi Skill Based Job Visa verification
X

ന്യൂഡൽഹി: സൗദി സ്‌കിൽ ബേസ്ഡ് ജോബ് വിസ വെരിഫിക്കേഷനായി കേരളത്തിൽ ടെസ്റ്റ് സെന്ററുകൾ ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എംപി. ഇന്ത്യയിലെ സൗദി അംബാസഡർ ഇൻ ചാർജ് റിയാദ് അൽ കഅബിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചു. നിലവിലുള്ള സെന്ററുകളിൽ കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണുള്ളത്. വിസാ അപേക്ഷകൾ കൂടുതലും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരിക്കെ കോഴിക്കോട്ടും കൊച്ചിയിലുമടക്കം ദക്ഷിണേന്ത്യയിൽ ടെസ്റ്റിങ് സെന്ററുകൾ ആരംഭിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ന്യൂഡൽഹിയിലെ റോയൽ കിങ്ഡം ഓഫ് സൗദി അറേബ്യൻ എംബസിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

പ്രൊഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം നിർബന്ധമാക്കി കഴിഞ്ഞ ദിവസം സൗദി സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം സൗദിയിൽ സ്‌കിൽ ബേസ്ഡ് ജോലിക്കുവേണ്ടിയുള്ള വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് സൗദി സർക്കാരിന്റെ അംഗീകാരമുള്ള ഇന്ത്യയിലെ കേന്ദ്രങ്ങളിൽനിന്ന് ടെസ്റ്റ് റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. പ്രൊഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം മുഖേനയുള്ള സ്‌കിൽ ടെസ്റ്റ് റിപ്പോർട്ട് ലഭിക്കാനുള്ള സെന്ററുകളിൽ അധികവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണുള്ളത്. എന്നാൽ, വിസാ അപേക്ഷകൾ കൂടുതലും കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരിക്കെ കേരളത്തിലെ കോഴിക്കോടും കൊച്ചിയിലുമടക്കം ദക്ഷിണേന്ത്യയിൽ ടെസ്റ്റിംഗ് സെന്ററുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി വളരെ പ്രയാസപ്പെട്ടാണ് സാധാരണക്കാരായ ഉദ്യോഗാർഥികൾ അനുകൂല റിപ്പോർട്ടിനുവേണ്ടി ഓടിനടക്കുന്നത്. വ്യാഴാഴ്ച പുറത്തുവന്ന സൗദി സർക്കാരിന്റെ സർക്കുലർ പ്രകാരം ജനുവരി 14 മുതൽ ടെസ്റ്റ് റിപ്പോർട്ടിന്മേലുള്ള നിബന്ധനകൾ കുറച്ചുകൂടി കഠിനമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അപേക്ഷകർക്ക് വേണ്ട മാനുഷിക പരിഗണന ഉറപ്പുവരുത്തണമെന്നും ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.

നിലവിൽ കേരളത്തിലുള്ള ഉദ്യോഗാർഥികൾക്ക് രണ്ടു ദിവസത്തിലധികം ട്രെയിൻ യാത്ര ചെയ്താണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ടെസ്റ്റ് സെന്ററുകളിൽ എത്തുന്നത്. സാമ്പത്തികമായും ഭാഷാപരമായുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും അതത് റീജ്യനുകൾ കേന്ദ്രീകരിച്ച് ടെസ്റ്റ് കേന്ദ്രങ്ങൾ ആരംഭിക്കണം. കൂടുതൽ സങ്കീർണതകളില്ലാതെ പരിശോധനാ റിപ്പോർട്ട് ലഭിക്കാൻ വേണ്ട സൗകര്യമൊരുക്കണമെന്നും ഹാരിസ് ബീരാൻ സൗദി അംബാസഡറോട് അഭ്യർഥിച്ചു.

വിഷയം എത്രയും പെട്ടെന്ന് സൗദി സർക്കാരുമായി ചർച്ച ചെയ്യുമെന്ന് അംബാസഡർ ഹാരിസ് ബീരാന് ഉറപ്പുനൽകി. കേരളത്തിന്റെ ആവശ്യം ഉടൻ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Summary: Haris Beeran MP meets Saudi Ambassador-in-Charge Riyad Al Kaabi, requesting test centers in Kerala for Saudi Skill Based Job Visa verification

TAGS :

Next Story