സൗദിയിൽ ഭക്ഷണ നിർമാണത്തിലെ വീഴ്ചക്ക് ഇനി മുതൽ കനത്ത പിഴ
സെപ്റ്റംബർ 15ന് നിയമം പ്രാബല്യത്തിൽ
മക്ക: സൗദിയിൽ ഭക്ഷണ നിർമാണത്തിലെ വീഴ്ചക്ക് ഇനി മുതൽ കനത്ത പിഴ ഈടാക്കും. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിറ്റാലും പിഴ കൊടുത്ത് മുടിയും. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് പിഴ സംഖ്യ കുത്തനെ കൂട്ടിയത്. ഭക്ഷണത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടതില്ലെന്നതാണ് പുതിയ നിലപാട്. ഇതിന്റെ ഭാഗമായാണ് സൗദി ഫുഡ് ആൻഡ് ഡ്രിങ്ക് അതോറിറ്റി പിഴ ഉയർത്തിയത്.
മൂന്നു തട്ടുകളിലായി സ്ഥാപനങ്ങളെ തരംതിരിച്ചാണ് പിഴ ഈടാക്കുക. ഭക്ഷണത്തിൽ മായം ചേർത്താലോ നിരോധിത വസ്തുക്കൾ ഉപയോഗിച്ചാലോ പിഴ അഞ്ച് ലക്ഷം റിയാൽ ആയിരിക്കും, ഇത് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കാണ് ബാധകമാകുക. ഇടത്തരം സ്ഥാപനങ്ങൾ നാല് ലക്ഷം റിയാൽ പിഴ നൽകണം. ചെറുകിട സ്ഥാപനങ്ങൾ മൂന്നുലക്ഷം റിയാലും പിഴ ഒടുക്കേണ്ടി വരും. കാലാവധി കഴിഞ്ഞ വസ്തുക്കൾ വിറ്റാലും പിഴനൽകി മുടിയും. പുതുക്കിയ പട്ടിക പ്രകാരം ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള വലിയ സ്ഥാപനങ്ങൾക്ക് ഇരുപതിനായിരം റിയാലായിരിക്കും പിഴ. ഇടത്തരം സ്ഥാപനങ്ങൾക്ക് പതിനാറായിരം റിയാൽ അടയ്‌ക്കേണ്ടി വരും. ബക്കാലകൾ ഉൾപ്പെടെയുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് 12,000 റിയാൽ ആയിരിക്കും പിഴയായി അടയ്‌ക്കേണ്ടി വരിക. ഫുഡ് ആന്റ് ഡ്രിങ്ക് അതോറിറ്റിയാണ് പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ 15 നകം ഇതിലേക്ക് അഭിപ്രായങ്ങളോ എതിർപ്പോ ഉള്ളവർക്ക് അറിയിക്കാം, അല്ലാത്തപക്ഷം നിയമം പ്രാബല്യത്തിൽ വരും.
Adjust Story Font
16