ജിദ്ദയിലുണ്ടായ മഴയില്‍ വൻ നാശനഷ്ടം
പലസ്ഥലങ്ങളിലും വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു
ഇന്നലെ രാവിലെ മുതൽ പെയ്ത് തുടങ്ങിയ മഴയിൽ വൻ നാശനഷ്ടങ്ങളാണ് ജിദ്ദയിലുണ്ടായത്. പലഭാഗങ്ങളിൽ നിന്നായി ഒഴികിയെത്തിയ വാഹനങ്ങൾ കുമിഞ്ഞുകൂടി കിടക്കുകയാണ്. ഉച്ചക്ക് രണ്ട് മണിയോടെ മഴയ്ക്ക് ശമനം ലഭിച്ചു തുടങ്ങിയെങ്കിലും രാത്രി വൈകിയും പലസ്ഥലങ്ങളിലായി മലയാളികളുൾപ്പെടെ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു.
മഴയെ തുടർന്ന് പലസ്ഥലങ്ങളിലും വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. രണ്ടുപേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 2009- ലെ മഴയെ തുടർന്നുണ്ടായ പ്രളയത്തിന് ശേഷം ജിദ്ദയിലെ വിവിധ മലയോര പ്രദേശങ്ങളിൽ കെട്ടിയുണ്ടാക്കിയ തടയണയാണ് ഇത്തവണ വൻ ദുരന്തത്തിൽ നിന്ന് ജിദ്ദയെ രക്ഷിച്ചത്. ഈ തടയണകൾ ജിദ്ദ നഗരത്തിലേക്കുള്ള വെളളത്തിന്റെ കുത്തൊഴുക്കിനെ തടഞ്ഞു നിർത്തി.
അതിരാവിലെ തന്നെ മഴ ആരംഭിച്ചതിനാൽ പലരും താമസ സ്ഥലങ്ങളിൽ നിന്ന് പുറത്ത് പോയിരുന്നില്ല. ഇതും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതും അപകടത്തിന്റെ വ്യാപ്തി കുറക്കാൻ സഹായകരമായി. മഴ കുറഞ്ഞ് തുടങ്ങിയ പ്രദേശങ്ങളിൽ അപ്പപ്പോൾ തന്നെ ഗതാഗതം പുനസ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ അധികൃതർ ആരംഭിച്ചിരുന്നു. മഴക്കെടുതിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും യഥാസമയം രക്ഷാപ്രവർത്തകരെത്തി. വെള്ളം കയറി നശിച്ച വ്യാപാര സ്ഥാപനങ്ങൾ വൃത്തിയാക്കി പുനസ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാമെന്ന് നഗരസഭ വ്യക്തമാക്കി.
Adjust Story Font
16