മക്കയിൽ ശക്തമായ മഴ; ഹറമിലെത്തിയ വിശ്വാസികളും ജീവനക്കാരും നിലതെറ്റി വീണു
സമീപകാലത്തെ ഏറ്റവും ശക്തമായ കാറ്റായിരുന്നു ഇന്നലെ മക്കയിൽ വീശിയടിച്ചത്.
മക്കയിലും പരിസരപ്രദേശങ്ങളിലും ഇന്നലെ പെയ്ത ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്. സമീപകാലത്തെ ഏറ്റവും ശക്തമായ കാറ്റായിരുന്നു ഇന്നലെ മക്കയിൽ വീശിയടിച്ചത്. അതിശക്തമായ കാറ്റും മഴയും മിന്നലുമാണ് ഇന്നലെ മക്കയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായത്. ചില സ്ഥലങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ പൊടിക്കാറ്റൂം ഉണ്ടായി. ഉച്ചയോടെയാണ് മഴ പെയ്ത് തുടങ്ങിയത്. വൈകുന്നേരത്തോടെ മഴയും കാറ്റും മിന്നലും ശക്തിപ്രാപിച്ചു തുടങ്ങി. ഇതോടെ മക്കയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
മഴയുടെ തുടക്കത്തിൽ മഴ നനഞ്ഞ് കൊണ്ട് വിശ്വാസികൾ നമസ്കാരവും ത്വവാഫും ചെയ്തുവെങ്കിലും, കാറ്റ് ശക്തിപ്രാപിച്ചതോടെ വിശ്വാസികളും ഹറം പള്ളിയിലെ ജീവനക്കാരും നിലതെറ്റി വീഴാൻ തുടങ്ങി. ഹറം പള്ളിയിലെ ക്ലീനിംഗ് ഉപകണങ്ങളും ബാരിക്കേടുകളും ശക്തമായ കാറ്റിൽ പാറിപ്പോയി. റോഡരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യബോഡുകൾ കാറ്റിൽ ഉലഞ്ഞ് നിലംപൊത്തി.
ഹറമിൽ നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന പല വിശ്വാസികളും ശക്തമായ കാറ്റിലും മഴയിലും പിടിച്ച് നിൽക്കാനാകാതെ നിലതെറ്റി വീണു. ജനങ്ങൾ ഭയന്ന് ചിതറിയോടി. റോഡുകളിൽ വെളളം കയറിയത് കാരണം പല സ്ഥലങ്ങളിലും റോഡുകൾ അടച്ചു. നിരവധി വാഹനങ്ങൾ വഴിയിൽ പണിമുടക്കി. മഴക്കുള്ള സാധ്യത ഉണ്ടായിരുന്നതിനാൽ മക്ക മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള പഠനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴയും കാറ്റും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്ന് അധികൃതർ പൊതുജനങ്ങളോടഭ്യർത്ഥിച്ചു.
Adjust Story Font
16