സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; നൂറുകണക്കിന് വാഹനങ്ങൾ ഒലിച്ചുപോയി
ജിദ്ദാ വിമാനത്താവളത്തിൽ നിന്നുള്ള വിവിധ സർവീസുകളിൽ സമയമാറ്റം വരുത്തി
സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. മക്ക മേഖലയിലുണ്ടായ ശക്തമായ മഴയിൽ നൂറുകണക്കിന് വാഹനങ്ങൾ ഒലിച്ചുപോയി. മുൻകരുതലിന്‍റെ ഭാഗമായി താഇഫിലെ അൽ ഹദാ ചുരം അടച്ചു. ജിദ്ദാ വിമാനത്താവളത്തിൽ നിന്നുള്ള വിവിധ സർവീസുകളിൽ സമയമാറ്റം വരുത്തി. റിയാദിലും ദമ്മാമിലും ഖസീമിലും മഴയെത്തുമെന്ന് മുന്നറിയിപ്പുണ്ട്.
ഇന്ന് രാവിലെ മുതൽ മക്ക, ജിദ്ദ, റാബഗ് തുടങ്ങിയ പ്രദേശങ്ങളിൽ മഴ ആരംഭിച്ചു. മക്കയിൽ മഴ ശക്തമായതോടെ റോഡുകളിൽ വെള്ളം ഉയർന്നു. ശക്തമായ മഴവെള്ളപാച്ചിലിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.മക്കയിൽ പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു. വെള്ളമുയർന്നതിനെ തുടർന്ന് പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.
മഴ അവസാനിച്ച പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മക്കയിലെ ഹറം പള്ളിയിൽ മഴ നനഞ്ഞുകൊണ്ടാണ് വിശ്വാസികൾ കഅബയെ വലയം ചെയ്തത്. വെള്ളിയാഴ്ച ആയതിനാൽ കൂടുതൽ വിശ്വാസികൾ ഇന്ന് ഹറം പള്ളിയിലെത്തിയിരുന്നു.
ത്വാഇഫിലും മഴ ലഭിച്ചു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതലിൻ്റെ ഭാഗമായി ത്വാഇഫിലെ അൽഹദാ ചുരം റോഡ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും രാവിലെ മുതൽ മഴ ലഭിച്ചു. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജിദ്ദയിൽ ഇന്നലെ രാത്രി മുതൽ തന്നെ സിവിൽ ഡിഫൻസ് വിഭാഗം സജ്ജമായിരുന്നു.
മഴമൂലം ജിദ്ദ വിമാനത്താവളത്തിൽ ഇന്ന് രാവിലെ ചില വിമാന സർവീസുകളുടെ സമയത്തിൽ മാറ്റങ്ങളുണ്ടായിരുന്നു. എന്നാൽ സർവീസുകൾ ഇപ്പോൾ സാധാരണ നിലയിലെത്തിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.
Adjust Story Font
16