Quantcast

സൗദിയിൽ കനത്ത മഴ; വാദി ലജബിലേക്കുള്ള സന്ദർശകർക്ക് ജാഗ്രതാ നിർദേശം

വ്യാഴാഴ്ച വരെ സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    19 Aug 2023 6:40 PM GMT

സൗദിയിൽ കനത്ത മഴ; വാദി ലജബിലേക്കുള്ള സന്ദർശകർക്ക് ജാഗ്രതാ നിർദേശം
X

ജിദ്ദ: സൗദിയിലെ വാദി ലജബ് താഴ്വരയിലെത്തിയ സഞ്ചാരികൾ മഴ ശക്തമായതോടെ രക്ഷപ്പെടുന്ന വീഡിയോ വൈറൽ. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെ സഞ്ചാരികൾ ഇങ്ങോട്ട് വരരുതെന്ന് അധികൃതർ ഓർമിപ്പിച്ചു. വ്യാഴാഴ്ച വരെ സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

സൗദിയുടെ തെക്കൻ നഗരമായ ജീസാനിൽ നിന്ന് 130 കി.മി അകലെ അൽ റെയ്തിനടുത്താണ് വാദി ലജബ്‌ താഴ്വര. പ്രകൃതിദത്തമായ കാഴ്ച്ചകളും അനുഭവങ്ങളും ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ നിരവധി സന്ദർശകരാണ് ദിവസവും ഇവിടെയെത്തുന്നത്. 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള രണ്ട് പർവതങ്ങൾ പിളർന്നു മാറിയ പോലെയുള്ള ഇടുങ്ങിയ ഇടനാഴിയിലൂടെ സഞ്ചരിച്ചാലാണ് വാദി ലജബിലെ പ്രകൃതി രമണീയമായ വെള്ളച്ചാട്ടത്തിനടുത്തെത്തുക. കാഴ്ചക്ക് മനോഹരമാണ് മരുഭൂമിയിലെ ഈ സ്വർഗീയ താഴ്വര. എങ്കിലും അപകടം പതിയിരിക്കുന്ന മേഖലകൂടിയാണിത്.

അതിനാൽ തന്നെ കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് ഇങ്ങോട്ട് പോകുന്നത് ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. പ്രദേശത്ത് ശക്തമായ മഴയും വെള്ളപ്പാച്ചിലും തുടരുന്നതിനിടയിൽ ഇവിടെയെത്തിയ സഞ്ചാരികൾ ഇടുങ്ങിയ പാറക്കെട്ടിലൂടെ വാഹനമോടിച്ച് രക്ഷപ്പെടുന്ന വീഡിയോ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വ്യാഴാഴ്ച വരെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും ആലിപ്പഴ വർഷവും തുടരാനിടയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.


TAGS :

Next Story