സൗദിയിൽ മഴ ശക്തമായി തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായ മഴ രേഖപ്പെടുത്തി. മഴയും കാറ്റും ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ സ്ഥലങ്ങളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കെടുതി നേരിടാൻ സിവിൽ ഡിഫൻസ് വിഭാഗം മുഴു സമയവും പ്രവർത്തിച്ചുവരികയാണ്. മക്ക, മദീന, ജിദ്ദ, ത്വാഇഫ്, റിയാദ് തുടങ്ങി പല ഭാഗങ്ങളിലും ഇന്ന് മഴ പെയ്തു. മണിക്കൂറുകളാണ് മക്കയിൽ മഴ നീണ്ടുനിന്നത്. ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദത്തിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. മഴ നാളെയും തുടരാൻ സാധ്യതയുള്ളതിനാൽ മക്ക, ജിദ്ദ,ത്വാഇഫ്, റാബിഗ്, ഖുലൈസ്, അൽ ഖസീം എന്നിവിടങ്ങളിൽ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നും ഓണ്‍ലൈൻ വഴി പഠനം ഉണ്ടായിരിക്കുമെന്നും വിദ്യാഭാസ വകുപ്പ് അറിയിച്ചു.
സുരക്ഷയുടെ ഭാഗമായി ത്വാഇഫിലേക്കുള്ള അൽ ഹദ ചുരം റോഡ് ഇരു ദിശയിലേക്കും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മഴക്കെടുതി നേരിടാൻ പൂർണ സജ്ജമാണെന്ന് കിഴക്കൻ പ്രവശ്യ ഗതാഗത അതോറിറ്റി അറിയിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ റിയാദ് സീസണിലെ വിന്‍റര്‍ വണ്ടർലാൻഡും സമാൻ വില്ലേജും ചൊവ്വാഴ്ച പ്രവർത്തിക്കില്ല. മദീന ഗവർണറേറ്റിലും സാമാന്യം ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. വരും ദിവസങ്ങളിൽ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്കും മഴ വ്യാപിക്കുമെന്നാണ് സൂചന. ഡ്രൈവർമാർ വേഗത കുറച്ച് അകലം പാലിച്ച് വാഹനമോടിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു.
Adjust Story Font
16