തബൂക്ക് മേഖലയില്‍ അതിപുരാതന നഗരാവശിഷ്ടങ്ങളും ശവകുടീരവും കണ്ടെത്തി
വടക്കന്‍ അറേബ്യയുടെ ചരിത്രത്തിലേക്ക് കടന്നുചെല്ലാനുതകുന്ന ഒരു പുതിയ ജാലകമായിട്ടാണ് ഗവേഷകര്‍ ഈ കണ്ടെത്തലുകളെ വിലയിരുത്തുന്നത്
- Published:
28 Dec 2021 2:29 PM GMT
അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ ഡോക്യുമെന്റഡ് ആര്‍ക്കിയോളജിക്കല്‍ സെറ്റില്‍മെന്റുകളിലൊന്നായ ഖാര്യ മരുപ്പച്ചയോട് ചേര്‍ന്ന് തബൂക്ക് മേഖലയില്‍ അതിപുരാതന നഗരാവശിഷ്ടങ്ങളും ശവകുടീരവും കണ്ടെത്തി. 300 ഹെക്ടര്‍ വിസ്തൃതിയില്‍ കല്ലുകള്‍ കൊണ്ട് മതില്‍ കെട്ടി സംരക്ഷിച്ചനിലയിലാണ് പ്രദേശമുള്ളതെന്ന് ഖനനപ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളും നടത്തുന്ന ഹെറിറ്റേജ് അതോറിറ്റിയുടേയും ഓസ്ട്രിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് വിയന്നയുടേയും സംയുക്തസംഘം അറിയിച്ചു.
പുരാതന നഗരത്തിന്റെ ആവിര്‍ഭാവ കാലഘട്ടം, മുന്‍നിശ്ചയിച്ചതിനേക്കാള്‍ 1,000 വര്‍ഷം പഴക്കമുള്ളതാണെന്ന് അതിനൂതന മള്‍ട്ടി ഡിസിപ്ലിനറി ഗവേഷണ രീതികള്‍ ഉപയോഗിച്ച് നടത്തിയ ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
റെസിഡന്‍ഷ്യല്‍ നഗരവും കാര്‍ഷിക മേഖലയുമടങ്ങിയ തബൂക്കിലെ ഈ പ്രദേശം ബിസി മൂന്നാം സഹസ്രാബ്ദത്തില്‍ (ഏകദേശം ബിസി 2900-2600 കാലഘട്ടം), അതായത് വെങ്കലയുഗത്തിന്റെ ആരംഭത്തിലുണ്ടായതാണെന്നാണ് ഗവേഷക സംഘത്തിന്റെ വിലയിരുത്തല്‍. കണ്ടെത്തിയ മതിലുകളെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നത്. റേഡിയോകാര്‍ബണും ഫ്‌ളാഷ് സാങ്കേതികവിദ്യയുമുപയോഗിച്ച് പ്രദേശത്തുനിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
പുരാതന ഗ്രാമത്തിന്റെ ചുറ്റു മതിലുകള്‍ കണ്ടെത്തുന്നതിന് മുമ്പ് ഗവേഷണ സംഘം പ്രദേശത്തെ ഹൃദയഭാഗത്തായി വൃത്താകൃതിയിലുള്ള കല്ലുകളുടെ രൂപത്തില്‍ ഒരു ശവകുടീരവും കണ്ടെത്തിയിരുന്നു. അതില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം പന്ത്രണ്ടിലധികമാളുകളെ അടക്കം ചെയ്തതിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചു.
1000 ത്തിലധികം കൊന്തകളും വിവിധ തരം മാലകളും കുഴിമാഠത്തില്‍നിന്ന് കണ്ടെത്തി. അലങ്കരിച്ച സെറാമിക്‌സ്, ഷെല്ലുകള്‍, അസ്ഥികള്‍, ആനക്കൊമ്പ്, വിലയേറിയതും അമൂല്യങ്ങളുമായ നിരവധി കല്ലുകളും പലവര്‍ണത്തിലുള്ള മണ്‍പാത്രങ്ങളും, മൃഗബലിയുടെ അവശ്ഷ്ടങ്ങള്‍ തുടങ്ങിയവയും കുഴിമാഠത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്.
വടക്കന്‍ അറേബ്യയുടെ ചരിത്രത്തിലേക്ക് കടന്നുചെല്ലാനുതകുന്ന ഒരു പുതിയ ജാലകമായിട്ടാണ് ഗവേഷകര്‍ ഈ കണ്ടെത്തലുകളെ വിലയിരുത്തുന്നത്.
ഇരുമ്പുയുഗത്തില്‍ വടക്കുപടിഞ്ഞാറന്‍ അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായിരുന്ന ഈ പ്രദേശം ഭാഷയും എഴുത്തും വികസിക്കുന്നതിലും പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. വടക്കന്‍ അറേബ്യയേയും തെക്കന്‍ അറേബ്യയേയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര പാതകളും ഈ പ്രദേശത്തിലൂടെ കടന്നുപോയിരുന്നതായാണ് കണ്ടെത്തല്‍.
Adjust Story Font
16