Quantcast

സൗദിയിൽ ഇസ്‌ലാം സ്വീകരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വൻ വർധന

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മൂന്നര ലക്ഷം വിദേശികൾ ഇസ്‌ലാമിലേക്ക് കടന്നു വന്നതായാണ് കണക്കുകൾ പറയുന്നത്

MediaOne Logo

Web Desk

  • Published:

    21 Jan 2024 5:19 PM GMT

huge increase in the number of foreigners accepting Islam in Saudi Arabia
X

റിയാദ്: സൗദിയിൽ ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മൂന്നര ലക്ഷം വിദേശികൾ ഇസ്‌ലാമിലേക്ക് കടന്നു വന്നതായാണ് കണക്കുകൾ പറയുന്നത്. സൗദി ഇസ്‌ലാമിക് അഫയേഴ്സ് ദഅവ ഗൈഡൻസ് മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.

സൗദിയിലെത്തുന്ന വിദേശികൾ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതിനും പരിചയപ്പെടുന്നതിനും കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതായി സൗദി ഇസ്‌ലാമിക് അഫയേഴ്സ് ദഅവ ഗൈഡൻസ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ് അഞ്ച് വർഷത്തിനിടെ മന്ത്രാലയ ഗൈഡൻസ് സെന്ററുകൾ വഴി രാജ്യത്ത് നിന്നും 3,47,646 വിദേശികൾ ഇസ്‌ലാമിലേക്ക് കടന്നു വന്നതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ പേർ ഇസ്‌ലാമിലേക്ക കടന്നുവന്നത്. 2019ൽ 21,654 പേർ ഇസ്‌ലാം സ്വീകരിച്ചിരുന്നിടത്ത് 2023 ആയപ്പോൾ എണ്ണം 1,63,319 ആയി ഉയർന്നു.

വിവിധ ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇസ്‌ലാമിലേക്ക് പുതുതായി കടന്നു വരുന്നത്. ഇസ്‌ലാമിനെ കുറിച്ച് പഠിച്ചും, സ്വയം താൽപര്യമറിയിച്ചും സമീപിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഇത്തരക്കാർക്ക് പ്രഭാഷണങ്ങൾ, മാർഗനിർദ്ദേശങ്ങളടങ്ങിയ ബുക്ക്‌ലെറ്റുകൾ, അക്കാദമിക് പഠനങ്ങൾ, സെമിനാറുകൾ, ശിൽപ്പശാലകൾ, ചരിത്ര പ്രധാന സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ എന്നിവ ദഅവ സെന്ററുകൾ ഒരുക്കും. മന്ത്രാലയത്തിന് കീഴിൽ രാജ്യത്ത് 457 ദഅവ സെന്ററുകളാണ് പ്രവർത്തിച്ചുവരുന്നത്. ഇസ്‌ലാമിനെ കുറിച്ച് പരിചയപ്പെടുത്തുന്നതിനും തെറ്റിദ്ധാരണകൾ തിരുത്തുന്നതിനും പഠനമാഗ്രഹിക്കുന്നവർക്ക് മാർഗനിർദേശങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിനും സെന്ററുകൾ നേതൃത്വം വഹിക്കുന്നുണ്ട്.

TAGS :

Next Story