Quantcast

ടൂറിസം മേഖലയിലെ മനുഷ്യ മൂലധന വികസനം; 137,000 സൗദികള്‍ക്ക് പ്രയോജനം ലഭിച്ചു

MediaOne Logo

Web Desk

  • Published:

    28 Jan 2022 1:50 PM GMT

ടൂറിസം മേഖലയിലെ മനുഷ്യ മൂലധന വികസനം;   137,000 സൗദികള്‍ക്ക് പ്രയോജനം ലഭിച്ചു
X

റിയാദ്: വിനോദസഞ്ചാര മേഖലയിലെ മനുഷ്യ മൂലധന വികസനത്തിന്റെ ഭാഗമായി സൗദി ടൂറിസം മന്ത്രാലയം പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് 'യുവര്‍ ഫ്യൂച്ചര്‍ ഈസ് ടൂറിസം' പരിശീലന പരിപാടി സംഘടിപ്പിച്ചു. ഭാവിവാഗ്ദാനങ്ങളായ യുവതലമുറയെ പ്രചോദിപ്പിക്കുന്നതിനായി ഈ മേഖലയിലെ പ്രമുഖ വ്യക്തികള്‍ അവരുടെ അനുഭവങ്ങളും പരിചയസമ്പത്തും പങ്കുവെച്ചു.

മന്ത്രാലയം കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഈ സംരംഭത്തിലൂടെ ഇതുവരെ ഏകദേശം 137,000 ജീവനക്കാര്‍ക്കും തൊഴിലന്വേഷകര്‍ക്കും പ്രയോജനം ലഭിച്ചതിനൊപ്പം, 2,614 സൗദി സ്വദേശികള്‍ക്ക് പ്രൊഫഷണല്‍ യോഗ്യത നേടുന്നതിനും അതിലൂടെ കഴിവുകള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനും സഹായകരമായി. പദ്ധതി ആരംഭിച്ചതിന് ശേഷം ഏകദേശം 226,000 ആളുകളാണ് ഡിജിറ്റല്‍ എജുക്കേഷന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ടൂറിസം മേഖലയില്‍ കൂടുതല്‍ സൗദി പുരുഷന്മാരെയും സ്ത്രീകളെയും നിയമിക്കുകയും അവര്‍ക്ക് ഏറ്റവും മികച്ച യോഗ്യതകള്‍ നേടാന്‍ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.

ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങളുടെ ഒരു പ്രധാന ദാതാവാണ് ടൂറിസം വ്യവസായമെന്നും മന്ത്രാലയം ഈ വര്‍ഷം ആരംഭിക്കുന്ന മികച്ച പരിശീലന, വിദ്യാഭ്യാസ പരിപാടികള്‍ പ്രയോജനപ്പെടുത്താന്‍ ജീവനക്കാരെയും തൊഴിലന്വേഷകരെയും പ്രചോദിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.

ലോക ടൂറിസം ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ആഗോള ടൂറിസം അക്കാദമി സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സൗദി മന്ത്രിസഭ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. അതിലൂടെ പ്രാദേശിക, അന്തര്‍ദേശീയ ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ അക്കാദമിക് പ്രോഗ്രാമുകളുടെ ഭാഗമാകാനും ആഗോളതലത്തില്‍തന്നെ അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story