അനധികൃത ടാക്‌സി സർവീസ്; സൗദിയിൽ 2100 പേർ അറസ്റ്റിലായി
ഒരു മാസത്തിനിടെ സൗദിയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്
ജിദ്ദ: സൗദിയിൽ അനധികൃത ടാക്‌സി സേവനം നൽകിയതിന് 2100 പേർ അറസ്റ്റിലായി. കൂടാതെ 1200 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഒരു മാസത്തിനിടെ സൗദിയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.
നിയമലംഘകരിൽ 38 ശതമാനം പേരും ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്. കൂടാതെ റിയാദ് വിമാനത്താവളത്തിൽ നിന്ന് 30 ശതമാനം പേരും മദീന വിമാനത്താവളത്തിൽ നിന്ന് 15 ശതമാനം പേരും ദമ്മാം വിമാനത്താവളത്തിൽ നിന്നും 12 ശതമാനം പേരുമാണ് പിടിയിലായത്.
ത്വാഇഫ് വിമാനത്താവളത്തിൽ നിന്ന് അഞ്ച് ശതമാനം പേരും പിടിയിലായിട്ടുണ്ട്. പരിശോധന ആരംഭിച്ച് ആദ്യ എട്ട് ദിവസത്തിനുള്ളിൽ 418 പേരും രണ്ടാമത്തെ എട്ട് ദിവസത്തിനുളളിൽ 645 പേരും പിടിയിലായിരുന്നു. കൂടാതെ 305 കാറുകൾ പിടിച്ചെടുക്കയും ചെയ്തിരുന്നു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമലംഘകരുടെ ചെലവിൽ കണ്ടുകെട്ടുമെന്നും 5000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്ക് നിരവധി ഗതാഗത സംവിധാനങ്ങൾ നിലവിലുണ്ട്. അവ ഉപയോഗിക്കണമെന്നും അനധികൃത ടാക്‌സികളെ ആശ്രയിച്ചുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Adjust Story Font
16