സൗദിയിൽ തൊഴിൽ തർക്ക പരിഹാരത്തിലൂടെ തൊഴിലാളികൾക്ക് കമ്പനികളിൽ നിന്ന് ആറര കോടിയിലേറെ റിയാൽ ലഭ്യമാക്കി
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് ഇത്രയും തുക തൊഴിലാളികൾക്ക് ലഭ്യമാക്കിയത്
ദമ്മാം: സൗദിയിൽ തൊഴിൽ തർക്ക പരിഹാരത്തിലൂടെ ആറര കോടിയിലേറെ റിയാൽ കമ്പനികളിൽ നിന്നും തൊഴിലാളികൾക്ക് ലഭ്യമാക്കിയതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് ഇത്രയും തുക ലഭ്യമാക്കിയത്. ആറായിരത്തിലേറെ പരാതികളിന്മേലാണ് മന്ത്രാലയത്തിന് കീഴിലെ തൊഴിൽ തർക്ക പരിഹാര വിഭാഗം നടപടി സ്വീകരിച്ചത്.
രാജ്യത്തെ സ്വകാര്യ മേഖല ജീവനക്കാരുടെ വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പരാതികളിന്മേലാണ് നടപടി സ്വീകരിച്ചത്. 6.6 കോടിയിലേറെ റിയാൽ ഇത്തരം പരാതികളിന്മേൽ തൊഴിലാളികൾക്ക് ഈടാക്കി നൽകി. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗമാണ് ഇത്രയും തുക ഈടാക്കി നൽകിയത്. മൂന്നു മാസത്തിനിടെ വീഡിയോ കോൾ സംവിധാനത്തിലൂടെ ആറായിരത്തിലേറെ തൊഴിൽ പരാതികൾ പരിശോധിച്ചാണ് നടപടി. തൊഴിലാളികളുമായും തൊഴിലുടമകളുമായും പരസ്പരം ചർച്ചകൾ നടത്തിയാണ് പരിഹാരം കണ്ടത്.
തൊഴിൽ കരാറുകൾ, വേതനം, തൊഴിൽ ഇടവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരിക്കുകൾ, അന്യായ പിരിച്ചുവിടൽ, തൊഴിൽ കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളിന്മേലാണ് തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗം പരിശോധിച്ച് നടപടി സ്വീകരിച്ച് വരുന്നത്.
Adjust Story Font
16