സൗദിയിൽ ഹിസ്റ്റോറിക് ജിദ്ദ ഏരിയയിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കും
അപകടാവസ്ഥയിലുളള കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സൗദിയിൽ ഹിസ്റ്റോറിക് ജിദ്ദ ഏരിയയിൽ അപകടവാസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കുമെന്ന് അധികൃതർ അറിയിച്ചു. ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാത്ത വിധമായിരിക്കും കെട്ടിടങ്ങൾ പൊളിക്കുക.
പ്രദേശത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജിദ്ദയിലെ ബലദിൽ ഹിസ്റ്റോറിക് ജിദ്ദ ഏരിയയിലാണ് കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനിച്ചത്. ഇവിടെയുള്ള കെട്ടിടങ്ങളിൽ ഏറെ അപകടാവസ്ഥയിലുള്ള ഏതാനും കെട്ടിടങ്ങൾ വരും ദിവസങ്ങളിൽ പൊളിച്ചുനീക്കാൻ ആലോചിക്കുന്നതായി ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം അറിയിച്ചു. വളറെ പഴക്കം ചെന്ന കെട്ടിടങ്ങളാണ് ഇവിടെയുള്ളതിൽ മിക്കതും.
ചരിത്ര പ്രാധാന്യമേറെയുള്ള നിരവധി കെട്ടിടങ്ങളും ഇവക്കിടയിലുണ്ട്. എന്നാൽ അപകടാവസ്ഥയിലുളള കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശകരുടെയും പ്രദേശത്തെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കുവാനുള്ള തീരുമാനം.
വിശദമായ പഠനങ്ങൾക്ക് ശേഷമാണ് കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനിച്ചതെന്നും ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം അറിയിച്ചു. ബിസിനസ്, സാംസ്‌കാരിക പദ്ധതികൾ നടപ്പിലാക്കുകയും, അതിലൂടെ സംരംഭകരെയും സന്ദർശകരെയും വിനോദ സഞ്ചാരികളേയും ഇവിടേക്ക് ആകർഷിക്കുകയും, അത് വഴി ഹിസ്റ്റോറിക് ജിദ്ദ ഏരിയക്ക് പുതുജീവൻ നൽകുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതെന്ന് ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം വിശദീകരിച്ചു.
Adjust Story Font
16