സൗദിയിൽ സ്വകാര്യ സ്‌കൂളുകൾക്ക് ഇഷ്ടമുള്ള സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ അനുമതി
വിദ്യാഭ്യാസ മന്ത്രാലയമാണ് അനുമതി നൽകിയത്
ജിദ്ദ: സൗദിയിൽ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ഇഷ്ടമുള്ള സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ അനുമതി. ഗവൺമെൻറ് പാഠ്യപദ്ധതിയിൽനിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി തിരഞ്ഞെടുത്ത സ്‌കൂളുകൾക്കാണ് ഈ സൗകര്യം ലഭിക്കുക. ഗവൺമെൻറ് സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തിലും മൂന്നു സെമസ്റ്റർ രീതി തന്നെ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
സൗദിയിലെ ഗവൺമെൻറ് സ്‌കൂളുകളിൽ കഴിഞ്ഞ വർഷം മുതലാണ് മൂന്നു സെമസ്റ്റർ രീതി നടപ്പാക്കിത്തുടങ്ങിയത്. അതിന് മുമ്പ് രണ്ടു സെമസ്റ്റർ സംവിധാനത്തിലായിരുന്നു സ്‌കുളുകളിൽ അധ്യായനം നടത്തിയിരുന്നത്. അടുത്ത അധ്യയന വർഷത്തിലും മൂന്നു സെമസ്റ്റർ രീതി തുടരാൻ തന്നെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.
അതേസമയം ഗവൺമെൻറ് പാഠ്യപദ്ധതിയിൽ നിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി സ്വകരിക്കുന്ന സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ഇഷ്ടാനുസരം സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. അടുത്ത അധ്യയന വർഷത്തിനു ശേഷമുള്ള നാലു വർഷങ്ങളിൽ ഏത് സെമസ്റ്റർ രീതിയാണ് അവലംഭിക്കേണ്ടതെന്ന കാര്യത്തിൽ പ്രത്യേക പഠനം നടത്തും. ഈ അധ്യയന വർഷാവസാനത്തോടെ ഇത് സംബന്ധിച്ച തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിടും. 180 അധ്യായന ദിനങ്ങളിൽ കുറവ് വരാത്തവിധം മന്ത്രിസഭ അംഗീകരിച്ച അക്കാദമിക് കലണ്ടറിന്റെ പൊതു സമയക്രമം പാലിച്ചുകൊണ്ടായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക.
Adjust Story Font
16