സൗദി തുറമുഖങ്ങളിൽ ചരക്ക് നീക്കത്തിൽ വർധന; കപ്പൽ ഗതാഗതവും വർധിച്ചു
ഈ വർഷാദ്യത്തിൽ സൗദിയിലെ തുറമുഖങ്ങളിൽ കണ്ടെയ്‌നർ നീക്കത്തിൽ 24 ശതമാനം വർധന രേഖപ്പെടുത്തിയത്.
ജിദ്ദ: സൗദിയിലെ തുറമുഖങ്ങളിൽ കണ്ടെയ്‌നർ നീക്കത്തിൽ വർധന രേഖപ്പെടുത്തിയതായി തുറമുഖ അതോറിറ്റി. 20 ലക്ഷം ടണ്ണിലധികം ഭക്ഷ്യവസ്തുക്കളാണ് ഈ വർഷാദ്യത്തിൽ സൗദി തുറമുഖങ്ങളിൽ കൈകാര്യം ചെയ്തത്. ഇതിലൂടെ ചരക്കുകളുടെ സമൃദ്ധിയും വിപണിയിൽ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാൻ സാധിച്ചതായി അതോറിറ്റി വ്യക്തമാക്കി.
ഈ വർഷാദ്യത്തിൽ സൗദിയിലെ തുറമുഖങ്ങളിൽ കണ്ടെയ്‌നർ നീക്കത്തിൽ 24 ശതമാനം വർധന രേഖപ്പെടുത്തിയത്. ജനുവരിയിൽ രാജ്യത്തെ വിവിധ തുറമുഖങ്ങൾ വഴി 6.95 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5.6 ലക്ഷം കണ്ടെയ്‌നറുകളായിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജനുവരിയിൽ 17.8 ശതമാനം വളർച്ച രേഖപ്പെടുത്തിയത്. 2.6 കോടി ടണ്ണിലധികം ചരക്കുകളും ജനുവരിയിൽ മാത്രം രാജ്യത്തെ തുറമുഖങ്ങളിൽ കൈകാര്യം ചെയ്തു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 2.4 കോടി ടണ്ണായിരുന്നു. 9.55 ശതമാനം വർധനയാണ് ഇത് സൂചിപ്പിക്കുന്നത്.
ചരക്കുനീക്കത്തിൽ തുറമുഖങ്ങളിലുണ്ടായ ഈ പുരോഗതി ഭക്ഷ്യവസ്തുക്കളുടെ വിതരണശൃംഖലയെ സുസ്ഥിരമാക്കുന്നതിനും രാജ്യത്ത് ചരക്കുകളുടെ സമൃദ്ധിയും വിപണിയിലെ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിനും ഏറെ സഹായകരമായതായി അതോറിറ്റി അറിയിച്ചു.
പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾക്കായി 1.26 ലക്ഷം കന്നുകാലികളെയും ഇറക്കുമതി ചെയ്തു. കപ്പൽ യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വൻ മികവ് രേഖപ്പെടുത്തിയതായി അതോറിറ്റി അറിയിച്ചു.
Adjust Story Font
16