വ്യാപാര,വാണിജ്യ ബന്ധങ്ങളിൽ ഇന്ത്യയും സൗദിയും കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പ് വരുത്തും: പിയൂഷ് ഗോയൽ
സൗദി ചേംബർ റിയാദിൽ സംഘടിപ്പിച്ച സൗദിയുടേയും ഇന്ത്യയുടേയും വ്യവസായികളുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം
വ്യാപാര, വാണിജ്യ ബന്ധങ്ങളിൽ ഇന്ത്യയും സൗദിയും കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സൗദി ചേംബർ റിയാദിൽ സംഘടിപ്പിച്ച സൗദിയുടേയും ഇന്ത്യയുടേയും വ്യവസായികളുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഇരുരാജ്യങ്ങളിലെയും ചേംബർ പ്രതിനിധികൾ ഒപ്പ് വെച്ചു. ഇന്ത്യൻ വ്യവസായി എംഎ യൂസുഫലിയെ സൗദി പക്ഷത്തേക്ക് മാറ്റിയ സൗദികളുടെ കൗതുകത്തിനും യോഗം സാക്ഷിയായി.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ, സൗദി ചേമ്പർ പ്രസിഡന്റ് ഹസൻ അൽ ഹുവൈസി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യാ സൗദി സഹകരണ ചർച്ചാ യോഗം. ഫെഡറേഷൻ ഓഫ് സൗദി ചേംബഴ്സ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്. സൗദി ചേംബർ സെക്രട്ടറി ജനറൽ വലീദ് അൽ അറിനാൻ, ഐ.ടി.സി. ഗ്രൂപ്പ് ചെയർമാനും ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രസിഡണ്ടുമായ സഞ്ജീവ് പുരിയുമാണ് കൂടുതൽ മേഖലകളിലെ സഹകരണത്തിന് ധാരണാ പത്രത്തിൽ ഒപ്പ് വെച്ചത്. സൗദിയിലെ ഇന്ത്യൻ വ്യവസായികളുടെ സേവനം പ്രശംസനീയമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപാവസരങ്ങളെക്കുറിച്ചും മന്ത്രി യോഗത്തിൽ വിശദീകരിച്ചു. സൗദി അറേബ്യയിലെയും ഇന്ത്യയിലെയും നൂറിലധികം വാണിജ്യ വ്യവസായ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. യോഗത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ വ്യവസായികൾക്കൊപ്പമിരുന്ന എംഎ യൂസുഫലിയെ സൗദി ചേമ്പർ പ്രസിഡന്റ് ഹസൻ അൽ ഹുവൈസി സൗദി പക്ഷത്തേക്ക് മാറ്റിയിരുത്തി.
ലുലുവും യൂസുഫലിയും സൗദികളുടെ ബ്രാൻഡാണെന്ന് പറഞ്ഞായിരുന്നു ചേംബർ പ്രസിഡണ്ട് കൗതുകം നിറഞ്ഞ നിമിഷം സമ്മാനിച്ചത്. ഇതോടെ സൗദി വ്യവസായികളുടെ മുൻ നിരയിലിരുന്നാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലി സംസാരിച്ചത്. രണ്ട് രാജ്യങ്ങളുടെയും വ്യവസായ പങ്കാളിത്തത്തിൽ ഉഭയകക്ഷി കരാറുകൾ കുതിച്ചു ചാട്ടത്തിന് സഹായിക്കുമെന്ന് എം. എ യൂസഫലി അറിയിച്ചു. റിയാദിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിനിടെയാണ് മന്ത്രിയും എംഎ യൂസുഫലിയും യോഗത്തിനെത്തിയത്. സൗദിയിലെ ഇന്ത്യൻ അമ്പാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, അസ്സദ് അൽ ജുമായി, മാജിദ് അൽ ഒതായ്ശൻ എന്നിവരും സംബന്ധിച്ചു.
Adjust Story Font
16