സൗദിയിൽ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു
മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനയാണ് പാർപ്പിടം, വൈദ്യുതി, ഗ്യാസ് നിരക്കുകളിൽ ഉണ്ടായത്

റിയാദ്: താമസ കെട്ടിട വാടക വർധിക്കുന്നതിനിടെ സൗദിയിൽ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു. ഫെബ്രുവരിയിലെ കണക്കുകളാണ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്ത് വിട്ടത്. 2018നെ അടിസ്ഥാന വർഷമായി കണക്കാക്കിയാണ് നിരക്കുകൾ അവലോകനം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സൗദിയിൽ ജീവിത ചെലവ് നന്നായി ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധന പാർപ്പിടം, വൈദ്യുതി, പാചക വാതകം, ഡീസൽ എന്നിവയുടെ വിലയിലുണ്ട്. എന്നാൽ ജനുവരിയെ അപേക്ഷിച്ച് വലിയ മാറ്റങ്ങളില്ല. വീടുകളിലേക്കുള്ള വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവയുടെ വില മുൻ വർഷത്തെ അപേക്ഷിച്ച് രണ്ടര ശതമാനം കുറഞ്ഞിട്ടുണ്ട്. ഫർണിച്ചർ, കാർപറ്റ്, വസ്ത്രം, പാദരക്ഷ വിലകളും മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ തോതിൽ കുറഞ്ഞു. ഗതാഗത നിരക്കിലും മുൻ വർഷത്തെ അപേക്ഷിച്ച് ഒന്നര ശതമാനം നിരക്ക് കുറഞ്ഞു. വിദ്യാഭ്യാസ ചിലവും ഹോട്ടൽ റസ്റ്ററന്റ് നിരക്കും മുൻ വർഷത്തെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. ജീവിത ചെലവ് സൗദിയിൽ കൂടുതലുള്ള നഗരങ്ങളുടെ റാങ്കിങ് റിയാദ്, മക്ക, ദമ്മാം, മദീന, താഇഫ് എന്നിങ്ങിനെയാണ്. താരതമ്യേന ജീവിത ചെലവ് കുറഞ്ഞ നഗരങ്ങൾ ബുറൈദ, തബൂക്ക്, ജീസാൻ എന്നിവയാണ്. സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയാണ് കണക്കുകൾ പുറത്ത് വിട്ടത്.
Adjust Story Font
16