ഇറാൻ- സൗദി ചർച്ചകൾ തുടങ്ങി; അടുത്ത മാസം എംബസികൾ തുറക്കും
ഇറാനിൽ സൗദി എംബസിയും കോൺസുലേറ്റും തുറക്കുകയാണ് ആദ്യം ചെയ്യുക.
റിയാദ്: എംബസികളും കോൺസുലേറ്റുകളും തുറക്കാനുള്ള നടപടികൾക്കായുള്ള സൗദി ഇറാൻ ചർച്ച തുടങ്ങി. അടുത്ത മാസത്തോടെ ബന്ധം പൂർണമായി പുനസ്ഥാപിക്കുകയാണ് ലക്ഷ്യം. ഇറാൻ പ്രസിഡണ്ടിന്റെ സൗദി സന്ദർശന തിയതി തീരുമാനവും യോഗത്തിലുണ്ടായേക്കും.
ഇറാനിൽ സൗദി എംബസിയും കോൺസുലേറ്റും തുറക്കുകയാണ് ആദ്യം ചെയ്യുക. ഇതിന് പിന്നാലെ സൗദിയിലെ ഇറാൻ എംബസിയും കോൺസുലേറ്റും പ്രവർത്തനസജ്ജമാകും. ഇക്കാര്യങ്ങൾ വേഗത്തിലാക്കാനാണ് സൗദി സാങ്കേതിക സംഘം തെഹ്‌റാനിലെത്തിയത്. അടുത്ത മാസം ഇവ തുറക്കാനായിരുന്നു തീരുമാനം.
കഴിഞ്ഞ മാസം പത്തിന് ചൈനയിലെ ബെയ്ജിങ്ങിൽ വച്ച് സൗദി അറേബ്യയും ഇറാനും ചൈനയും ഒപ്പുവച്ച ത്രികക്ഷി കരാർ പ്രകാരമാണിത്. ഇതിനു ശേഷം ഈ മാസം ആറിന് ബെയ്ജിങ്ങിൽ സൗദി, ഇറാൻ വിദേശ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ധാരണയിലെത്തിയ കാര്യങ്ങളുടെ പൂർത്തീകരണവും യോഗത്തിലുണ്ടാകും.
നാസിർ ബിൻ അവദ് ആലുഗനൂമിന്റെ അധ്യക്ഷതയിലുള്ള സൗദി സംഘം തെഹ്‌റാനിൽ ഇറാൻ വിദേശ മന്ത്രാലയ ആസ്ഥാനത്തു കൂടിക്കാഴ്ച തുടരുകയാണ്. സൗദി സംഘത്തിന്റെ ദൗത്യം എളുപ്പമാക്കാൻ ആവശ്യമായ മുഴുവൻ പിന്തുണയും സഹായ സൗകര്യങ്ങളും ഇറാൻ നൽകിയിട്ടുണ്ട്. ബന്ധം പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് സൗദി സന്ദർശിക്കും. ഇതിനുള്ള ക്ഷണകത്ത് നേരത്തെ സൗദി നൽകിയിരുന്നു. ഇത് സംബന്ധിച്ചും ചർച്ചയിൽ ധാരണയിലെത്തും.
Adjust Story Font
16