സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇറാൻ; നയതന്ത്ര സംഭാഷണം ഉടൻ
മറ്റ് ഗൾഫ് രാജ്യങ്ങളുമായും ചർച്ചക്ക് സാധ്യത
റിയാദ്: സൗദി അറേബ്യയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ വഴിയൊരുങ്ങിയതായി ഇറാൻ. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ച ഫലപ്രദമായിരുന്നെന്നും ഇറാൻ വ്യക്തമാക്കി. മറ്റു ഗൾഫ് രാജ്യങ്ങളുമായും ചർച്ചകൾക്ക് ഒരുക്കമാണെന്ന് ഇറാൻ നേതൃത്വം അറിയിച്ചു. സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നേരത്തെ നടന്ന ചർച്ചകൾ വിജയകരമായിരുന്നുവെന്ന് ഇറാൻ ദേശീയ സുരക്ഷാ സമിതി വക്താവാണ് വെളിപ്പെടുത്തിയത്.
നയതന്ത്രതല സംഭാഷണം ഉടൻ ആരംഭിക്കുമെന്നും വക്താവ് അറിയിച്ചു. യെമൻ പ്രതിസന്ധിയെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇറാൻ അനുകൂല ഹൂത്തി വിഭാഗം യെമനിൽ അധികാരം പിടിച്ചതോടെ സൗദി സഖ്യസേന സൈനിക നടപടി ആരംഭിച്ചത് നയതന്ത്ര ബന്ധത്തിൽ വിളളലുണ്ടാക്കി. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും മറ്റും ഗൾഫ് സുരക്ഷക്ക് ഭീഷണിയാണെന്ന നിലപാടാണ് സൗദി അനൂകൂല രാജ്യങ്ങൾ കൈക്കൊണ്ടത്.
ഇറാൻ ആണവായുധം സ്വന്തമാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ പ്രഖ്യാപിത നിലപാടും. അതേ സമയം ഏറ്റുമുട്ടലിനു പകരം സമവായത്തിന്‍റെ അന്തരീക്ഷം രൂപപ്പെടുത്തുകയാണ് വേണ്ടതെന്ന നിലപാടാണ് സമീപകാലത്തായി ഇറാൻ സ്വീകരിക്കുന്നത്. പുറം ശക്തികളുടെ രംഗപ്രവേശം ഗൾഫ് സുരക്ഷക്ക് ഭീഷണിയാകുമെന്നും പ്രശ്നങ്ങൾ തുറന്ന ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും ഇറാൻ നേതൃത്വം വ്യക്തമാക്കുന്നു. ഒമാൻ, ഖത്തർ വിദേശകാര്യ മന്ത്രിമാരുമായും കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യ മന്ത്രി ടെലിഫോണിൽ സംസാരിച്ചിരുന്നു.മേഖലയിൽ സമാധാനം നിലനിർത്താൻ ഈ നീക്കം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16