പരമാവധി വിട്ടുവീഴ്ച ചെയ്ത വെടിനിർത്തൽ കരാറാണ് ഇസ്രയേൽ ഹമാസിന് മുന്നിൽ വെച്ചത്; യു.എസ് സ്റ്റേറ്റ് സെക്രട്ടറി
റിയാദിൽ വേൾഡ് എകണോമിക് ഫോറത്തിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറബ് വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്.
റിയാദ്: പരമാവധി വിട്ടുവീഴ്ച ചെയ്ത വെടിനിർത്തൽ കരാറാണ് ഇസ്രയേൽ ഹമാസിന് മുന്നിൽ വെച്ചിരിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വെടിനിർത്തൽ കരാറിലേക്ക് കാര്യങ്ങളെത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും പ്രത്യാശ പ്രകടിപ്പിച്ചു. യുദ്ധാനന്തരം ഫലസ്തീന്റെ ഭരണം സംബന്ധിച്ച് യു.എസും സൗദിയും ധാരണയുണ്ടാക്കുന്നതായി ഇരുവരും വ്യക്തമാക്കി. ഇറാനുൾപ്പെടെയുള്ളവർ കൂടെ നിന്നാൽ ഫലസ്തീൻ വിഷയത്തിൽ സുസ്ഥിരമായ പരിഹാരം കാണാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
റിയാദിൽ വേൾഡ് എകണോമിക് ഫോറത്തിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറബ് വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. വെടിനിർത്തലിന് ശേഷം ശാശ്വതമായ പരിഹാരത്തിന് ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. അതിന് ശേഷം ഗൗരവമുള്ള ചർച്ചയിലേക്ക് പോകണം. വെടി നിർത്തൽ പ്രാബല്യത്തിലായാൽ പോലും ഗസ്സയിലെ അവശിഷ്ടങ്ങൾ ഇല്ലാതാക്കാൻ വർഷങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസുമായി ചേർന്ന് വിശാലമായ മാർഗരേഖ തയ്യാറാക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും സൗദി വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി. ഫലസ്തീൻ വിഷയത്തിൽ ഇനിയൊരു തർക്കമുണ്ടാകാത്ത വിധമാകണം അവരുടെ രാജ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
യു.എസുമായി നയതന്ത്ര അടിസ്ഥാനത്തിൽ സൗദിക്ക് ധാരണകളുണ്ട്. അത് ഫലസ്തീന്റെ കാര്യത്തിലുമുണ്ട്. ഫലസ്തീനുമായി അത് സംസാരിച്ചതാണ്. ഫലസ്തീൻ രാഷ്ട്രത്തിലേക്കുള്ള നീക്കമാകണം അത്. ഒരിക്കലും തിരുത്തേണ്ടി വരാത്ത തരത്തിലാകണം അതിനുള്ള തീരുമാനമെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫലസ്തീൻ അതോറിറ്റിക്ക് ചില അധികാരങ്ങളുണ്ട്. പക്ഷേ അവർക്ക് പിന്തുണ വേണ്ടതുണ്ട്. യുദ്ധാനന്തരം ഗസ്സ ഭരിക്കുന്നവർ അധിനവേശ സൈന്യമായിരിക്കരുത്, യു.എൻ നേതൃത്വത്തിലോ മറ്റോ അവർക്കു കൂടി വിശ്വാസമുള്ളവരാകണം. ഫലസ്തീൻ എന്ന സമ്പൂർണ രാജ്യം രൂപീകരിക്കപ്പെടാതെ പ്രശ്‌നമവസാനിക്കില്ല, അതിലേക്കുള്ള വഴികളിൽ ഇറാൻ ഉൾപ്പെടെയുള്ളവരും സഹകരിക്കണം. എങ്കിൽ മാത്രമേ മേഖല പ്രതിസന്ധിയിൽ നിന്നും മോചിതമാകൂവെന്നും സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇറാൻ ഉൾപ്പെടെയുള്ളവർ കൂടി സഹകരിക്കാൻ തയ്യാറായാൽ പുതിയ ചേരലിന്റെ സാഹചര്യവും മേഖലയിൽ സമാധാനവുമുണ്ടാകുമെന്നും സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. റിയാദിൽ നടന്ന ചർച്ചകളുടെ ഉള്ളടക്കം യുഎസ് സ്റ്റേറ്റ് സെക്രട്ടറി നാളെ ഇസ്രയേലുമായും പങ്കുവെച്ചേക്കും.
Adjust Story Font
16