Quantcast

പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നത് മതപരമായി അനുവദനീയമല്ല- സൗദിയിലെ ഉന്നത പണ്ഡിതസഭ

തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ആവശ്യമായ സേവനങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് പെർമിറ്റ് നിർബന്ധമാക്കിയത്

MediaOne Logo

Web Desk

  • Published:

    27 April 2024 7:44 PM GMT

പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നത് മതപരമായി അനുവദനീയമല്ല- സൗദിയിലെ ഉന്നത പണ്ഡിതസഭ
X

ജിദ്ദ: പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നത് മതപരമായി അനുവദനീയമല്ലെന്ന് സൗദിയിലെ ഉന്നത പണ്ഡിതസഭ. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ആവശ്യമായ സേവനങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് പെർമിറ്റ് നിർബന്ധമാക്കിയത്. പൊതു താൽപര്യം മുൻനിർത്തി ഭരണാധികാരികൾ നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും പണ്ഡിതസഭ ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, ഇരുഹറം കാര്യാലയ പരിപാലന അതോറിറ്റി എന്നിവയുടെ ചർച്ചകൾക്ക് ശേഷമാണ് ഉന്നത പണ്ഡിതസഭ പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നതിന്റെ മതവിധി സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. പെർമിറ്റ് നേടാതെ ഹജ് ചെയ്യാൻ ശ്രമിക്കുന്നത് മതപരമായി അനുവദനീയമല്ലെന്നും, അങ്ങിനെ ചെയ്യുന്നവർ പാപികളാണെന്നും ഉന്നത പണ്ഡിതസഭ വ്യക്തമാക്കി.

പെർമിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് തീർഥാകർക്കാവശ്യമായ സുരക്ഷ, ആരോഗ്യം, താമസം, ഭക്ഷണം, തുടങ്ങി എല്ലാ സേവനങ്ങളും ഒരുക്കുന്നത്. ഹജ്ജിനെത്തുന്ന വൻ ജനക്കൂട്ടത്തിന് സമാധാനപരമായും സുരക്ഷിതമായും കർമങ്ങൾ ചെയ്യാൻ വേണ്ടിയാണിത്. ശരീഅത്ത് നിയമങ്ങൾക്കനുസരിച്ചാണ് ഈ നിയന്ത്രണങ്ങൾ. ഇത്തരം നിയന്ത്രണങ്ങളിലൂടെ തീർഥാടകരുടെ തിരക്കും ഗതാഗത തടസ്സവും നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും.

എന്നാൽ പെർമിറ്റില്ലാതെ തീർഥാടകർ ഹജ്ജിനെത്തുന്നതോടെ അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റാനും നിയന്ത്രണങ്ങൾ നഷ്ടപ്പെടാനും കാരണമാകും. ഇത് വൻ ദുരന്തത്തിലേക്ക് വഴിവെക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. പൊതുതാൽപര്യം മുൻനിർത്തി ഭരണാധികാരികൾ നിശ്ചയിക്കുന്ന ഇത്തരം നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും പണ്ഡിത സഭ പുറത്ത് വിട്ട പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

TAGS :

Next Story