വാണിജ്യമേളകളും വിനോദ ഉത്സവങ്ങളുമായി വര്‍ഷം മുഴുവന്‍ സജീവമാകാന്‍ ജാസാന്‍ മേഖല
ടൂറിസം വികസന കൗണ്‍സിലിന്റെയും പ്രദേശത്തെ ഗവര്‍ണറേറ്റുകളുടെയും മേല്‍നോട്ടത്തിലായിരിക്കും എല്ലാ പരിപാടികളും മേളകളും അരങ്ങേറുക
- Published:
5 Jan 2022 1:20 PM GMT
നാടോടി സംസ്‌കാരവും പൈതൃകവും ആയിരം വര്‍ഷങ്ങളോളം പഴക്കമുള്ള പാരമ്പര്യങ്ങളും കൊണ്ട് സമ്പന്നമായ ജാസാന്‍ മേഖല, ഒരുപിടി വിനോദ ഉത്സവങ്ങള്‍ക്കാണ് ഈ വര്‍ഷം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വിനോദസഞ്ചാരികള്‍ക്ക് സാഹസികതകളും രസകരമായ അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്ന ഒട്ടനവധി മേളകള്‍ കൊണ്ട് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ തയ്യാറെടുക്കുകയാണ് പ്രദേശം.
ടൂറിസം വികസന കൗണ്‍സിലിന്റെയും പ്രദേശത്തെ ഗവര്‍ണറേറ്റുകളുടെയും മേല്‍നോട്ടത്തിലായിരിക്കും എല്ലാ പരിപാടികളും മേളകളും അരങ്ങേറുക.
വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതിനും പൈതൃകത്തെ സംരക്ഷിച്ച് നിരുത്തുന്നതിനും മറ്റുമായി, വാണിജ്യം, വിനോദം, പൈതൃകം എന്നിങ്ങനെ വ്യത്യസ്ത മേഖലകളാക്കിത്തിരിച്ചാണ് ഓരോ ഈവന്റുകളും ഉത്സവങ്ങളും സംഘടിപ്പിക്കുന്നത്.
കാപ്പി ഫെസ്റ്റിവല്‍
ജാസാനിലെ കിഴക്കന്‍ മേഖലയിലെ അല്‍-ദയര്‍ ബാനി മാലിക് ഗവര്‍ണറേറ്റില്‍ നടക്കുന്ന ടൂറിസ്റ്റ് ഫെസ്റ്റിവലാണ് കാപ്പി ഫെസ്റ്റിവല്‍. പ്രധാനമായും പ്രദേശത്തെ പര്‍വതമേഖലകളില്‍ വളരുന്ന കാപ്പി വിളകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഈ ഉത്സവം നടക്കുക. മേളയില്‍ കര്‍ഷകര്‍ അവരുടെ കാപ്പി വിളകള്‍ പ്രദര്‍ശിപ്പിക്കുകയും വ്യത്യസ്ത കാപ്പി മരങ്ങളുടെയും വിളകളുടെയും പ്രാധാന്യം പരിചയപ്പെടുത്തുകയും ചെയ്യും.
വിന്റര്‍ ഫെസ്റ്റിവല്‍
ജാസാന്‍ മേഖലയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ടൂറിസ്റ്റ് ഫെസ്റ്റിവലാണ് ജസാന്‍ വിന്റര്‍ ഫെസ്റ്റിവല്‍. പ്രദേശത്തിന്റെ പൈതൃകത്തിലൂന്നി, നാടോടി കലകള്‍, ഫാഷന്‍, നിരവധി നാടന്‍ പ്രകടനങ്ങള്‍, പൈതൃക ചിത്രങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം ഈ ഉത്സവത്തിന്റെ പ്രധാന സവിശേഷതയാണ്. കൃഷി, മത്സ്യബന്ധനം, മുത്ത് വ്യാപാരം, കരകൗശല വസ്തുക്കളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങളും മേളയില്‍ അരങ്ങേറും.
പ്രവിശ്യകളിലെ ജനങ്ങള്‍ വിവിധ തരത്തിലുള്ള നാടന്‍ കലകളും നൃത്തങ്ങളുമായി ഉത്സവത്തിന് മിഴിവേകുമ്പോള്‍ കരിമരുന്ന് പ്രയോഗങ്ങളിലൂടെ ആകാശത്തും ഉത്സവത്തിന്റെ അലയൊലികള്‍ നിറയും.
മാമ്പഴ ഉത്സവം
മേഖലയില്‍ വളരുന്ന വിവിധ തരം മാമ്പഴങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയാണിത്. സാധാരണയായി ജാസാനിലെ കാഡി മാളിലാണ് ഉത്സവം നടക്കാറുള്ളത്. 2005 ലാണ് ഉത്സവത്തിന്റെ ആദ്യ പതിപ്പ് നടന്നത്.
ഇവ കൂടാതെ, ജാസ്മിന്‍ ആന്‍ഡ് ആരോമാറ്റിക് പ്ലാന്റ്‌സ് ഫെസ്റ്റിവലും ആദ്യമായി മേഖലയില്‍ അരങ്ങേറും.
Adjust Story Font
16