ജിദ്ദ പുസ്തകമേള ഡിസംബറിൽ; 600 ലധികം പബ്ലിഷിങ് സ്ഥാപനങ്ങൾ പങ്കെടുക്കും
ഡിസംബർ 7 മുതൽ 16 വരെ ജിദ്ദ സൂപ്പർ ഡോമിലാണ് മേള
സൗദിയിൽ ഈ വർഷത്തെ ജിദ്ദ പുസ്തകമേള അടുത്ത മാസം നടത്തുമെന്ന് അധികൃതർ അറിയിച്ചു.ഡിസംബർ 7 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ജിദ്ദ സൂപ്പർ ഡോമിലാണ് മേള. സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റിയാണ് ജിദ്ദയിൽ പുസ്തകമേള സംഘടിപ്പിക്കുന്നത്.
ഈ വർഷം സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന നാലാമത്തെ പുസ്തകമേളയായിരിക്കും ജിദ്ദയിലേത്. കഴിഞ്ഞ മാർച്ചിൽ നടന്ന ഈസ്റ്റേൺ പുസ്തകമേളയായിരുന്നു ഈ വർഷത്തെ ആദ്യത്തേത്. തുടർന്ന് ജൂണിൽ മദീനയിലും, സെപ്തംബറിൽ റിയാദിലും പുസ്തകമേള നടത്തിയിരുന്നു.
ഡിസംബർ 7 മുതൽ 16 വരെ ജിദ്ദ സൂപ്പർ ഡോമിലാണ് മേള. ഏകദേശം 600 ലധികം പ്രാദേശിക, അറബ്, രാജ്യാന്തര പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം മേളയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസ്‌കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ സമഗ്രമായ സാംസ്‌കാരിക പരിപാടികളും അതോറിറ്റി തയ്യാറാക്കുന്നുണ്ട്.
പ്രഭാഷണങ്ങൾ, സാംസ്‌കാരിക ശിൽപശാലകൾ, വിദഗ്ധരും ബുദ്ധിജീവികളും പങ്കെടുക്കുന്ന സെമിനാറുകൾ, കവിതാ സായാഹ്നങ്ങൾ, കുട്ടികൾക്കായുള്ള പഠന പരിശീലന കോർണറുകൾ എന്നിവയും മേളയുടെ ഭാഗമായി ഉണ്ടാകും. സാധ്യമായ രീതിയിൽ എല്ലാ വിഭാഗത്തിലേക്കും പുസ്തകങ്ങളെത്തിക്കുക, പ്രസിദ്ധീകരണത്തിനും വിതരണത്തിനുമായി കൂടുതൽ ഔട്ട്ലെറ്റുകൾ സൃഷ്ടിക്കുക, പുസ്തക വ്യവസായത്തിലെ പ്രധാന പ്ലാറ്റ്ഫോമായി രാജ്യത്തെ മാറ്റുക എന്നിവയാണ് പുസ്തമേളയിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.
Adjust Story Font
16