സൗദിയിൽ ജിദ്ദ പുസ്തകമേളക്ക് തുടക്കം
തൊള്ളായിരത്തിലധികം പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്
സൗദിയിൽ ജിദ്ദ പുസ്തകമേളക്ക് തുടക്കമായി. 900-ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. വൈവിധ്യമാർന്ന വിവിധ സാംസ്കാരിക വൈജ്ഞാനിക പരിപാടികൾ മേളയോടനുബന്ധിച്ച് നടക്കും. ജിദ്ദയിൽ മദീന റോഡിലുള്ള സൂപ്പർ ഡോമിലാണ് മേള നടക്കുന്നത്..
കൂടാതെ സ്വയം പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ 400-ലധികം ശീർഷകങ്ങൾ, ഓഡിയോ ബുക്കുകൾക്കുള്ള പവലിയനുകൾ, ഡിജിറ്റൽ ലൈബ്രറി, വായനാ സെഷനുകളും ഏരിയകളും, പുസ്തക പ്രേമികളെ ഒന്നിപ്പിക്കുന്ന കഫേകൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സമഗ്രവും വൈവിധ്യപൂർണവുമായ 100-ലധികം സാംസ്കാരിക വൈജ്ഞാനിക പരിപാടികൾ മേളയോടനുബന്ധിച്ച് നടക്കും.
പ്രാദേശികവും അന്തർദേശീയവുമായ രചയിതാക്കളുടെയും എഴുത്തുകാരുടെയും ശിൽപശാലകളും ഡയലോഗ് സെഷനുകൾ, കവിതാ സായാഹ്നങ്ങൾ, സ്റ്റോറി ടെല്ലേഴ്‌സ് കോർണർ, ഗെയിംസ് ഏരിയ തുടങ്ങിയവയ്ക്കായി പ്രത്യേക മേഖലകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. സൗദിയുടെ സാംസ്‌കാരിക രംഗത്തെ സമ്പന്നമാക്കുന്ന സാഹിത്യ നിലയമായിരിക്കും ജിദ്ദ പുസ്തകമേളയെന്ന് അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അലവാൻ പറഞ്ഞു. ഡിസംബർ 17 വരെ മേള തുടരും.
Adjust Story Font
16