Quantcast

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻ്റെ സേവനങ്ങൾ; ആറര ലക്ഷം റിയാൽ സാമ്പത്തിക സഹായം നൽകി

കോൺസുലേറ്റിൻ്റെ ഇടപെടലിലൂടെ സൌദി കോടതികളിൽ നിന്ന് നിരവധി പേർക്ക് മരണ നഷ്ടപരിഹാരവും ലഭ്യമാക്കി

MediaOne Logo

Web Desk

  • Published:

    3 April 2023 6:22 PM GMT

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻ്റെ സേവനങ്ങൾ;  ആറര ലക്ഷം റിയാൽ സാമ്പത്തിക സഹായം നൽകി
X

ജിദ്ദ: ഇന്ത്യൻ പ്രവാസികൾക്ക് കഴിഞ്ഞ വർഷം ആറര ലക്ഷത്തോളം റിയാൽ സാമ്പത്തിക സഹായം നൽകിയതായി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. കോൺസുലേറ്റിൻ്റെ ഇടപെടലിലൂടെ സൌദി കോടതികളിൽ നിന്ന് നിരവധി പേർക്ക് മരണ നഷ്ടപരിഹാരവും ലഭ്യമാക്കി.

നിരവധി ഹുറൂബ് കേസുകളും തൊഴിൽ തർക്കങ്ങളും പരിഹരിച്ചതായും കോൺസുൽ ജനറൽ പറഞ്ഞു. വിവിധ കാരണങ്ങളാൽ ദുരിതത്തിലായ ഇന്ത്യൻ പ്രാവസികൾക്കാണ് ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആറര ലക്ഷത്തോളം റിയാൽ സാമ്പത്തിക സഹായമായി നൽകിയത്. ഇതിന് പുറമെ കോണ്സുലേറ്റിൻ്റെ ഇടപെടലിലൂടെ സൗദി കോടതിയിൽ നിന്ന് ഇന്ത്യക്കാർക്ക് മരണ നഷ്ടപരിഹാരമായി 3,72,25,807 ഇന്ത്യൻ രൂപ ലഭ്യമാക്കിയതായും കോൺസുൽ ജനറൽ അറിയിച്ചു.

2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള ഒരു വർഷത്തിനിടെ ഹുറൂബ് കേസുകളും എക്സിറ്റ് വിസ അടിച്ച് കാലഹരണപ്പെട്ടതുമായ 4000 ത്തോളം കേസുകൾക്കും തീർപ്പുണ്ടാക്കി. ഈ കാലയളവിൽ റിപ്പോർട്ട് ചെയ്ത 604 തൊഴിൽ പ്രശ്‌നങ്ങളിൽ 325 എണ്ണം പരിഹരിച്ചു. ശേഷിക്കുന്നവക്ക് പരിഹാരം കാണുന്നതിനായി പ്രവർത്തിച്ച് വരികയാണ്.

പലതവണയായി കോൺസുലേറ്റിൽ വെച്ച് നടന്ന ഓപ്പൺ ഹൗസിലൂടെ ഏകദേശം 500 ഓളം പേരുടെ വിവിധ പരാതികളും പരിഹരിച്ചു. സൗദിയിലും ഇന്ത്യയിലുമുള്ള ഏകദേശം 400 ഓളം ഇന്ത്യൻ പൗരന്മാരുടെ പരാതികൾ വെർച്വൽ മീറ്റിംഗുകളിലൂടെയും പരിഹരിക്കാൻ സാധിച്ചു.

1126 ഇന്ത്യക്കാർ കഴിഞ്ഞ വർഷം മരിച്ചിട്ടുണ്ട്. ഇതിൽ 926 മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കാനും, 197 മൃതദേഹങ്ങൾ നാട്ടിലയക്കാനും കോൺസുലേറ്റ് എൻ‌.ഒ‌.സി അനുവദിച്ചു. ഏകദേശം 50,000 പാസ്‌പോർട്ടുകൾ, 5,000 വിസകൾ, 5,000 എമർജൻസി സർട്ടിഫിക്കറ്റുകൾ എന്നിവ അനുവദിക്കുകയും, 10,000 ത്തിലധികം അപേക്ഷകർക്ക് അവരുടെ രേഖകൾ അറ്റസ്റ്റേഷൻ ചെയ്തു കൊടുക്കാനും കഴിഞ്ഞ ഒരു വർഷത്തിനിടെ സാധിച്ചതായി കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.

TAGS :

Next Story