സംസം ബോട്ടിലുകൾ ഇനി സൗജന്യമായി കൊണ്ടുപോകാം: സേവനം പുനരാരംഭിച്ച് ഒമാൻ എയർ
വിമാനത്താവളത്തിലെ അംഗീകൃത കൗണ്ടറിൽനിന്നു വാങ്ങുന്ന സംസം ബോട്ടിൽ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്
ജിദ്ദയിൽ നിന്നും ഒമാൻ എയർ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് സംസം ബോട്ടിലുകൾ സൗജന്യമായി കൊണ്ടുപോകാമെന്ന് വിമാന കമ്പനി അറിയിച്ചു. കോവിഡ് കാലത്ത് നിറുത്തിവെച്ച സേവനമാണ് ഒമാൻ എയർ പുനരാരംഭിക്കുന്നത്.
ഓരോ യാത്രക്കാരനും അഞ്ചു ലിറ്ററിൻ്റെ സംസം ബോട്ടിൽ സൗജന്യമായി കൂടെ കൊണ്ടുപോകാമെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ വിമാനത്താവളത്തിലെ അംഗീകൃത കൗണ്ടറിൽനിന്നു വാങ്ങുന്ന സംസം ബോട്ടിൽ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. മറ്റുള്ള ബോട്ടിലുകൾ അനുവദിക്കില്ല. ഉംറ യാത്രക്കാർക്ക് പുറമെ, മറ്റുള്ള യാത്രക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. ലഗേജുകൾക്കുള്ളിൽ വെച്ച് സംസം ബോട്ടിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും വിമാനക്കമ്പനി അറിയിച്ചു.
കോവിഡിനു മുമ്പ് ജിദ്ദയിൽനിന്നുള്ള യാത്രക്കാർക്ക് തങ്ങളുടെ ലഗേജിനോടൊപ്പം അഞ്ചു ലിറ്ററിൻ്റെ സംസം ബോട്ടിൽ സൗജന്യമായി കൊണ്ടുപോകാൻ വിമാന കമ്പനികൾ അനുവദിച്ചിരുന്നു. എന്നാൽ കോവിഡിന് ശേഷം വിമാന സർവീസുകൾ പഴയരീതിയിൽ തിരിച്ചെത്തിയെങ്കിലും, സംസം ബോട്ടിലിനുള്ള വിലക്ക് തുടരുകയാണ്. ഇത് ഉംറ തീർഥാടകരുൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രക്കാർക്ക് ആശ്വാസമായി ഒമാൻ എയറിൻ്റെ പ്രഖ്യാപനം.
Adjust Story Font
16