Quantcast

കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സ്വാലിഹ് അൽ ഷൈബി അന്തരിച്ചു

പ്രവാചകനാണ് ശൈബി കുടുംബത്തിന് താക്കോൽ നൽകിയത്

MediaOne Logo

Web Desk

  • Published:

    22 Jun 2024 4:52 PM GMT

Kaaba key keeper Dr. Saleh Al Shaibi passed away
X

മക്ക: വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു. ഇന്ന് രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅബയുടെ 109ാമത്തെ സംരക്ഷകനായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയാണ് ഷൈബി കുടുംബത്തിന് കഅ്ബയുടെ സംരക്ഷണ ചുമതല നൽകിയിരുന്നത്.

മക്കയിലെ പുരാതന ഗോത്രമാണ് അൽ ഷൈബി. മക്കയിൽ ജനിച്ച അൽ ഷൈബി ഇസ്‌ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി പ്രൊഫസറായി വിരമിച്ച അദ്ദേഹം മതത്തെയും ചരിത്രത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഹിജ്‌റ എട്ടാം വർഷത്തിൽ മക്ക കീഴടക്കിയ ശേഷം ഷൈബി കുടുംബത്തിന് പ്രവാചകൻ കഅ്ബയുടെ താക്കോൽകൂട്ടം ഏൽപ്പിക്കുകയായിരുന്നു. മക്ക നഗരത്തിന്റെ താക്കോൽ ഉസ്മാൻ ഇബ്നു അബി തൽഹയെയും ഏൽപ്പിച്ചു. പരമ്പരാഗതമായി പ്രവാചകനെത്തും മുന്നേ കഅ്ബയുടെ സംരക്ഷണ ചുമതല ഉണ്ടായിരുന്ന ഷൈബിയുടെ കുടുംബത്തിന് പ്രവാചകൻ താക്കോൽ തിരിച്ചേൽപ്പിച്ചതോടെ അന്നു മുതൽ ഇന്നോളം അവർ തന്നെയാണ് കഅ്ബ കാത്തു പോന്നത്. കഅ്ബ വൃത്തിയാക്കൽ, കഴുകൽ, കിസ്വ കേടായാൽ നന്നാക്കൽ, സന്ദർശകരെ സ്വീകരിക്കൽ എന്നിവയെല്ലാം കുടുംബത്തിന്റെ ചുമതലയാണ്.

2013 മുതൽ ഓരോ തവണയും കഅ്ബ കഴുകാനായി സൗദി ഭരണകൂടം പ്രതിനിധികളെ അയക്കുമ്പോഴും കഅ്ബ തുറന്നു നൽകാറുള്ളത് മരണപ്പെട്ട ഡോ. സാലിഹ് അൽ ഷൈബിയായിരുന്നു. ഇദ്ദേഹത്തിന്റെ ഖബറടക്കം പ്രവാചക കുടുംബവും അനുചരന്മാരും അന്ത്യവിശ്രമം കൊള്ളുന്ന മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ പൂർത്തിയായി. ഒരു അക്രമി മാത്രമേ അൽ ഷൈബി കുടുംബത്തിൽനിന്ന് കഅ്ബയുടെ സംരക്ഷണം ഏറ്റെടുക്കുകയുള്ളൂവെന്ന് പ്രവാചകൻ പറഞ്ഞിരുന്നു. ഇതിനാൽ അവരല്ലാത്ത ഒരാളും ഇന്നോളം കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരായിട്ടില്ല. ഒരോ വർഷവും മുഹറം 15നാണ് കഅ്ബ കഴുകാറുള്ളത്. ഇത്തവണയും അതിനായി കഅ്ബയുടെ വാതിൽ തുറക്കേണ്ടത് മരണപ്പെട്ട ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബിയായിരുന്നു. ഇനി കുടുംബത്തിലെ മുതിർന്ന അംഗം ആ ചുമതല ഏറ്റടുക്കും.

TAGS :

Next Story