Quantcast

മക്കയിലെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

സാധാരണയായി സൗദി രാജാവിന്‍റെ അഥിതികളായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രമുഖ വ്യക്തികളും, നയതന്ത്ര പ്രതിനിധികളും പണ്ഡിതന്‍മാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണിത്. എന്നാൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായ ചടങ്ങുകളായാണ് ഇത്തവണയും കഴിഞ്ഞ വർഷവും കഅ്ബ കഴുകൽ പൂർത്തിയാക്കിയത്.

MediaOne Logo

Web Desk

  • Published:

    23 Aug 2021 6:07 PM GMT

മക്കയിലെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി
X

മക്കയിലെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ പ്രതിനിധിയായി മക്ക ഗവർണ്ണർ പ്രിൻസ് ഖാലിദ് അൽ ഫൈസലാണ് ചടങ്ങിന് നേതൃത്വം നൽകിയത്. കഅ്ബ കഴുകുന്ന ഉപകരണങ്ങളുടെ പ്രദർശനവും ഹറം പള്ളിയിൽ ആരംഭിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി ഗവർണ്ണർ പ്രിൻസ് ബന്ദർ ബിൻ സുൽത്താൻ, ഹജ്ജ് ഉംറ മന്ത്രി ഡോ. ഇസാം ബിൻ സഅദ്, ഇരു ഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പതിവുപോലെ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരായ ആലു ശൈബി കുടംബത്തിലെ മുതിർന്ന അംഗം കഅ്ബയുടെ വാതിൽ തുറന്നു. അകത്തേക്ക് പ്രവേശിച്ച ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പനിനീർ കലർത്തിയ സംസം തീർത്ഥത്തിൽ മുക്കിയ തുണിയുപയോഗിച്ച് കഅ്ബയുടെ അകത്തെ ചുമരുകൾ തുടച്ചുകൊണ്ട് ചടങ്ങിന് തുടക്കം കുറിച്ചു.

ചരിത്രപസിദ്ധമായ മക്ക വിജയാനന്തരം മുഹമ്മദ് നബിയാണ് കഅ്ബ കഴുകൽ ചടങ്ങിന് തുടക്കം കുറിച്ചത്. പ്രവാചകന്‍റെ കാലത്തിന് ശേഷം ഖലീഫമാരും, ഇമാമുമാരും വളരെ പ്രാധാന്യത്തോടെയായിരുന്നു കഅ്ബ കഴുകിയിരുന്നത്. ആധുനിക സൗദി അറേബ്യ നിലവിൽ വന്നശേഷം ശഅബാൻ, മുഹറം എന്നീ മാസങ്ങളിലായി വർഷത്തിൽ രണ്ട് തവണ ചടങ്ങ് നടന്നുവരുന്നുണ്ട്. സാധാരണയായി സൗദി രാജാവിന്‍റെ അഥിതികളായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രമുഖ വ്യക്തികളും, നയതന്ത്ര പ്രതിനിധികളും പണ്ഡിതന്‍മാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണിത്. എന്നാൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായ ചടങ്ങുകളായാണ് ഇത്തവണയും കഴിഞ്ഞ വർഷവും കഅ്ബ കഴുകൽ പൂർത്തിയാക്കിയത്.

കഅ്ബ കഴുകാനുപയോഗിക്കുന്ന ഉപകരണങ്ങളുടെ ഡിജിറ്റൽ പ്രദർശനവും ഗവർണ്ണർ ഉദ്ഘാടനം ചെയ്തു. ഹറം പള്ളിക്കുള്ളിലാണ് പ്രദർശനം. റോസ് വെള്ളം സംസം ജലവുമായി കലർത്താനുപയോഗിക്കുന്ന പാത്രങ്ങളുൾപ്പെടെ കഅ്ബ ശുദ്ധീകരിക്കുന്നതിനുപയോഗിക്കുന്ന മറ്റു ഉപകരണങ്ങളും പ്രദർശനത്തിലുണ്ട്.

TAGS :

Next Story