Quantcast

കേരള പീപിള്‍ തിയേറ്റര്‍ അസോസിയേഷന്‍ നാട്ടരങ്ങ് കലാപരിപാടി സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    30 March 2022 6:19 AM GMT

കേരള പീപിള്‍ തിയേറ്റര്‍ അസോസിയേഷന്‍ നാട്ടരങ്ങ് കലാപരിപാടി സംഘടിപ്പിച്ചു
X

ദമ്മാം: വൈവിധ്യങ്ങളായ പരിപാടികള്‍ കൊണ്ടും അവതരണ മികവ് കൊണ്ടും ദമ്മാമിലെ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം പകര്‍ന്ന് 'നാട്ടരങ്ങ്'. സൗദി കിഴക്കന്‍ പ്രവിശ്യയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ നാടന്‍പാട്ട്കൂട്ടമാണ് പരിപാടി അവതരിപ്പിച്ചത്. ദമ്മാം ബദര്‍ അല്‍ റബീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നാട്ടരങ്ങ് ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.

കലാഭവന്‍ മണിയുടെയും പി.എസ്.ബാനര്‍ജിയുടെയുമൊക്കെ ജനപ്രിയ നാടന്‍പാട്ടുകള്‍ പാട്ടുക്കൂട്ടത്തിന്റെ അനുഗൃഹീത ഗായകരിലൂടെ പുനര്‍ജ്ജനിച്ചു. നാട്ടുത്സവക്കാലം ഓര്‍മ്മിപ്പിക്കുന്ന താളമേളക്കൊഴുപ്പോടെ മണ്ണിന്റെ മണമുള്ള പാട്ടുകളുമായി സജീവമായ വേദിയിലേക്ക് സലീഷ് ചമയച്ചാര്‍ത്തണിച്ച് പ്രമീദ് കെട്ടിയാടിയ അനുഷ്ടാനകലാരൂപം തെയ്യവും തീര്‍ത്തും നാട്ടിന്‍പുറത്തെയ്യത്തിറകളെ ഓര്‍മ്മിപ്പിച്ചു.

നാടന്‍ പാട്ടുകള്‍ കേരളത്തിലെ ഇതര ഗാനശാഖകളുടെ താഴ് വേരാണെന്നും അവയെ സംരക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ശ്രീ. ജോളി ലോനപ്പന്‍ അഭിപ്രായപ്പെട്ടു.




ദമ്മാമിലെ പ്രശസ്ത മാപ്പിളപാട്ടു കലാകാരന്‍ ശ്രീ. ശിഹാബ് കൊയിലാണ്ടി യുടെ ഭക്തി ഗാനത്തോട് കൂടി ആയിരുന്നു പരുപാടി ആരംഭിച്ചത്. ബിനു മുളവന, സലീഷ്, വിനീഷ്, സൂപ്പി ഷാഫി സനല്‍ ജിയാസ് എന്നിവര്‍ നാടന്‍ പാട്ടുകള്‍ ആലപിച്ചു. ചെണ്ടമേളത്തില്‍ കലേഷ് ,ഗോകുല്‍, അമിത്,രാഹുല്‍ എന്നിവരും പങ്കെടുത്തു. വിവിധ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച നാടന്‍ നൃത്തരൂപങ്ങളും പരിപാടിക്ക് കൊഴുപ്പേകി.

ദൃശ്യ മാധ്യമ പ്രവര്‍ത്തകരായ സാജിദ് ആറാട്ടുപുഴ, ഹബീബ് ഏലംകുളം, നൗഷാദ് ഇരിക്കൂര്‍, മുജീബ് കളത്തില്‍, സുബൈര്‍ ഉദിനൂര്‍, പ്രവീണ്‍ ലുക്മാന്‍ എന്നിവരെയും നാട്ടരങ്ങിന്റെ ആര്‍ട്ട് വര്‍ക്ക് ചെയ്ത അന്‍ഷാദ് തകിടിയേലിനെയും ചടങ്ങില്‍ ആദരിച്ചു. ശിഹാബ് കൊയിലാണ്ടി, കബീര്‍ നവോദയ നാച്ചു അണ്ടോണ, ജലീല്‍ പള്ളാത്തുരുത്തി, മുത്തു തലശ്ശേരി എന്നിവര്‍ കലാകാരന്മാര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കെപ്റ്റ നാട്ടരങ്ങിന്റെ അമരക്കാരനായ നവാസ് ചൂനാടന്‍ നയിച്ച പ്രോഗ്രാമില്‍ നജീം ബഷീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സദസ്സിന് നാട്ട്കൂട്ടം പ്രസിഡന്റ് പ്രതീപ് മേനോന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഹുസൈന്‍ നന്ദിയും പറഞ്ഞു. മനോജ് ആഷിക് സല്‍മാന്‍, അപ്പു നൗഷാദ് നടേശന്‍, വിമല്‍, പ്രമോദ് അരവിന്ദന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

TAGS :

Next Story