കിങ് സല്‍മാന്‍ റിലീഫ് സെന്ററും ഐ.ഒ.എമ്മും യെമനിനായി കൈകോര്‍ക്കുന്നു
ഇരുകൂട്ടരും 20 മില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു
റിയാദ്: കിങ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ യെമനിലെ കുടിയേറ്റത്തിനുള്ള ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷ(ഐ.ഒ.എം)നുമായി രണ്ട് കരാറുകളില്‍ ഒപ്പുവച്ചു.
കെ.എസ് റിലീഫ് സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ റബീഹയും ഐ.ഒ.എം ഡയരക്ടര്‍ ജനറല്‍ അന്റോണിയോ വിറ്റോറിനോയുമാണ് മൊത്തം 20 മില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാറുകളില്‍ ഒപ്പുവച്ചത്.
15 മില്യണ്‍ ഡോളറിന്റെ ആദ്യ ഇടപാടിലൂടെ മാരിബ്, തായ്സ്, ഹുദൈദ ഗവര്‍ണറേറ്റുകളില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയമൊരുക്കാനും ഭക്ഷ്യേതര സഹായങ്ങള്‍ക്കുമാണ് ഉപയോഗിക്കുക. ആഭ്യന്തരമായി കുടിയിറക്കപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള 82,320 പേര്‍ക്കും യെമനിലെ ആതിഥേയ സമൂഹങ്ങളിലെ 20,580 ആളുകള്‍ക്കും ഇത് ഉപകരിക്കും.
ദരിദ്ര പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുക, രോഗവ്യാപനം കുറയ്ക്കുന്നതിന് സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് രണ്ടാമത്തെ കരാര്‍ നടപ്പിലാക്കുക. ഇതിലൂടെ യെമന്‍ ഗവര്‍ണറേറ്റുകളിലെ നിരവധി മേഖലകളില്‍ ജലസാനിധ്യമുറപ്പാക്കാനും സാധിക്കും.
ഏകദേശം 50,500 യെമനികളെ സഹായിക്കുന്നതിനായി 5 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ നടത്തുന്ന ജല-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ ബോധവല്‍ക്കരണ, ശുചിത്വ പരിപാടികള്‍ക്കും പുറമേയാണിത്. ഭവന-പാര്‍പ്പിട-ഭക്ഷണ സൗകര്യമില്ലാത്ത ലക്ഷക്കണക്കിന് യെമനികള്‍ക്കാണ് ഈ രണ്ട് കരാറുകളും വലിയ സഹായമാകുക.
കിങ് സല്‍മാന്‍ റിലീഫ് സെന്ററിന്റെ ഏറ്റവും മികച്ച ഗുണഭോക്താക്കളില്‍ ഒന്നാണ് യെമന്‍. മൊത്തത്തില്‍, കേന്ദ്രം യെമനില്‍ 3.9 ബില്യണ്‍ ഡോളറിലധികം ചിലവഴിച്ച് ആകെ 647 പദ്ധതികളാണ് ഇതിനകം സൗദി നടപ്പാക്കിയത്. ഭക്ഷ്യ സുരക്ഷ, ജല ശുചിത്വം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, അടിയന്തര സഹായം, പോഷകാഹാരം എന്നിവയെല്ലാമാണ് റിലീഫ് സെന്ററിന്റെ പദ്ധതികളില്‍ ഉള്‍ക്കൊള്ളുന്നത്.
77 രാജ്യങ്ങളിലായി 5.5 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള 1,814 പദ്ധതികള്‍ കെ.എസ് റീലിഫ് സെന്റര്‍ ഇതുവരെ നടപ്പാക്കിയിട്ടുണ്ട്. 2015 മെയ് മാസത്തില്‍ സെന്റര്‍ ആരംഭിച്ചതുമുതല്‍ 144 പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുടെ സഹകരണത്തോടെയാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കി വരുന്നത്. സമീപകാലത്തെ കണക്കനുസരിച്ച്, യെമന്‍ (3.9 ബില്യണ്‍), പലസ്തീന്‍ (368 ദശലക്ഷം), സിറിയ (322 ദശലക്ഷം), സൊമാലിയ (209 ദശലക്ഷം) എന്നിവയാണ് കെ.എസ് റീലിഫ് സെന്ററിന്റെ വിവിധ പദ്ധതികളില്‍ നിന്ന് പ്രയോജനം നേടിയ രാജ്യങ്ങള്‍.
Adjust Story Font
16