കഴിഞ്ഞ വർഷം സൗദി വിമാനത്താവളങ്ങൾ ഉപയോഗിച്ചത് 11.2 കോടി യാത്രക്കാർ
വ്യോമ ഗതാഗത മേഖല കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്നതായി കണക്ക് വ്യക്തമാക്കുന്നു
റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ വർഷം യാത്ര ചെയ്തത് 11 കോടിയിലേറെ യാത്രക്കാർ. മുൻ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം വർധനവാണുണ്ടായത്. സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയാണ് കണക്ക് പുറത്ത് വിട്ടത്. വ്യോമ ഗതാഗത മേഖല കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്നതായി കണക്ക് വ്യക്തമാക്കുന്നു. സർവീസ് നടത്തുന്ന വിമാനത്താവളങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ, ഒൻപതു സ്ഥാനങ്ങൾ മറികടന്ന് 18-ാമത് റാങ്കിലേക്ക് സൗദി എത്തിയിട്ടുണ്ട്.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്കുകൾ പുറത്തുവിട്ടത്. വിവിധ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ വർഷം 11.2 കോടി യാത്രാക്കാരാണ് സൗദിയിൽ യാത്ര ചെയ്തത്. 2023 വർഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്. സൗദി അറേബ്യയിലെ വിമാന ഗതാഗതത്തിൽ 26% വർധനവും രേഖപ്പെടുത്തി. രാജ്യത്തെ വിമാനത്താവളത്തിൽ നിന്നും അന്താരാഷ്ട്ര വിമാനങ്ങളിൽ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടിയിലേറെയാണ്. ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്തവരുടെ എണ്ണം അഞ്ച് കോടിയിലേറെയുണ്ട്. നാലേ കാൽ ലക്ഷത്തോളം വിമാനങ്ങളാണ് ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തിയത്. മുന്നേ മുക്കാൽ ലക്ഷം അന്താരാഷ്ട്ര സർവീസുകളും സൗദിയിൽ നിന്നും നടത്തിയിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം വർധനവാണിത്.
രാജ്യത്തെ വിമാനത്താവളങ്ങളിൽ കൈകാര്യം ചെയ്ത ചരക്കുകളുടെ അളവ് പത്ത് ലക്ഷം ടണ്ണിന് അടുത്തെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനമാണ് വർധന. രാജ്യത്ത് നിന്നും 148 രാജ്യങ്ങളിലേക്കാണ് നിലവിൽ സർവീസുകൾ നടത്തുന്നത്. 45 ദശലക്ഷം യാത്രക്കാരുമായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടാണ് ഒന്നാം സ്ഥാനത്ത്. റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, കിംഗ് ഫഹദ് ഇന്റർനാഷണൽ, ദമാം എയർപോർട്ട് എന്നിവയാണ് തൊട്ട് പുറകിൽ. കൊറോണ വൈറസിന്റെ പിടിയിൽ നിന്നും രാജ്യത്തെ എയർ ട്രാഫിക് മേഖല കരകയറിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Adjust Story Font
16