ശീതക്കാറ്റെത്താൻ വൈകി: സൗദിയിൽ ഡിസംബർ 20 മുതൽ കടുത്ത തണുപ്പ്
ദീർഘ ദൂര ഹൈവേകളിൽ വരും ദിനങ്ങളിൽ മൂടൽ മഞ്ഞ് വർധിക്കും, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നിലവിലുണ്ട്
സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും. മുൻ വർഷത്തെ അപേക്ഷിച്ച് വൈകിയാണ് ശീതക്കാറ്റ് എത്തുന്നത്. കിഴക്കൻ പ്രവിശ്യയിലും റിയാദിലും മഴയെത്താത്തതും തണുപ്പ് വൈകാൻ കാരണമായി.
സൗദിയുടെ വടക്കു പടിഞ്ഞാറൻ മേഖലയാണ് തണുപ്പിലേക്ക് പ്രവേശിച്ചത്. ഹാഇൽ തബൂക്ക് അൽ ജൗഫ് വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നീ ഭാഗങ്ങളിൽ താപ നില കുറഞ്ഞു തുടങ്ങി. റിയാദിലും ദമ്മാമിലും ഈ മാസം 20 മുതൽ കടുത്ത തണുപ്പെത്തും. ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും. ഇതിന് പിന്നാലെ ഒരു മാസത്തോളം കഠിനമാകും തണുപ്പെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ദീർഘ ദൂര ഹൈവേകളിൽ വരും ദിനങ്ങളിൽ മൂടൽ മഞ്ഞ് വർധിക്കും. യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നിലവിലുണ്ട്. മഴ പെയ്ത മക്കാ പ്രവിശ്യയിലും മദീനയിലും മൂടിക്കെട്ടിയ അന്തരീക്ഷം തുടരും. ജിദ്ദയിൽ 30ന് മുകളിൽ തന്നെയാണ് താപനില. ശീതക്കാറ്റ് വൈകിയതിനാൽ വൈകിയാണ് ഇത്തവണ തണുപ്പ് എത്തുന്നത്.
Adjust Story Font
16