ബ്രസീൽ സൗദി വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിന് ലുലു ഗ്രൂപ്പിന്റെ പിന്തുണ
ബ്രസീൽ വൈസ് പ്രസിഡണ്ടിന്റേയും സൗദി നിക്ഷേപമന്ത്രിയുടേയും സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പിട്ടത്
റിയാദ്: ബ്രസീലുമായി സൗദി അറേബ്യയുടെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിന് ലുലു ഗ്രൂപ്പിന്റെ പിന്തുണ. ഇതിന്റെ ഭാഗമായി ബ്രസീലിലെ ട്രേഡ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് ഏജൻസിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ബ്രസീൽ വൈസ് പ്രസിഡണ്ടിന്റേയും സൗദി നിക്ഷേപമന്ത്രിയുടേയും സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പിട്ടത്.
സൗദി വിപണിയിൽ ബ്രസീലിന്റെ വ്യാപാരം ശക്തമാക്കാൻ സഹായിക്കുകയാണ് ലുലു ഗ്രൂപ്പ്. ഫലത്തിൽ വാണിജ്യ രംഗത്ത് സൗദി ബ്രസീൽ സഹകരണം ശക്തമാകും. ഇതിന് ലുലു ഗ്രൂപ്പിന്റെ സജീവ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചാണ് ധാരണാ പത്രം ഒപ്പിട്ടത്. ബ്രസീൽ വൈസ് പ്രസിഡണ്ടിന്റെ സൗദി സന്ദർശനത്തോട് അനുബന്ധിച്ചായിരുന്നു നീക്കം. ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലിന്റെ സാരഥികളും ലുലു ഗ്രൂപ്പുമാണ് ധാരണയിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ധാരണാ പത്രത്തിൽ ബ്രസീലിയൻ ട്രേഡ് ആന്റ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസിയുമായി ലുലു കരാർ ഒപ്പുവെച്ചു.
അപെക്സ് ബ്രസിൽ പ്രസിഡന്റ് ജോർജ് നെയ് വിയാന മാസിഡോ നെവസ്, ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയരക്ടർ ഷഹീം മുഹമ്മദ് എന്നിവർ ധാരണാപത്രം ഒപ്പിട്ട് കൈമാറി. ബ്രസീലിയൻ വൈസ് പ്രസിഡന്റ് ജെറാൾഡോ അൽക് മിൻ, സൗദി നിക്ഷേപകാര്യ മന്ത്രി ഖാലിദ് അൽ ഫാലിഹ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്. പഴം പച്ചക്കറി ധാന്യങ്ങൾ എന്നിവക്ക് പുറമെ വിപുലമായ മാംസ വിൽപനയിലും ബ്രസീലിന്റെ സാന്നിധ്യം സൗദിയിലുണ്ട്.
ഇവക്കെല്ലാം ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ പരിഗണന നൽകും. സൗദി- ബ്രസീൽ വ്യാപാര പങ്കാളിത്തം ശക്തമാക്കാൻ പങ്കാളിയാകുന്നതിലുള്ള സന്തോഷം ലുലു ഗ്രൂപ്പ് പങ്കുവെച്ചു. ഇത്തരത്തിൽ കരാർ ഒപ്പ് വെച്ച സ്വകാര്യമേഖലയിലുള്ള ഏക സ്ഥാപനമാണ് ലുലു എന്നത് അഭിമാനകരമാണെന്ന് ഗ്രൂപ്പിന്റെ സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.
Adjust Story Font
16