ജിസാൻ അഗ്രികൾച്ചറൽ സൊസൈറ്റി ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറികൾ ലുലു ശേഖരിക്കും
ഉൽപന്നങ്ങൽ ലുലു ശാഖകൾ വഴി നേരിട്ട് ഉപഭോക്താക്കളിലെത്തിക്കും
പഴം, പച്ചക്കറികൾ ശേഖരിക്കുന്നതിൽ പരസ്പരം ധാരണയിലെത്തി സൗദി ജിസാൻ അഗ്രികൾച്ചറൽ മാർക്കറ്റിങ് സൊസൈറ്റിയും ലുലു ഹൈപ്പർമാർക്കറ്റും. സൊസൈറ്റിക്ക് കീഴിൽ ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറികൾ ലുലു ശാഖകൾ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് കരാറിലെത്തിയത്.
ജിസാൻ ഗവർണറേറ്റിൽ നടന്ന ചടങ്ങിൽ ധാരണാപത്രം പരസ്പരം കൈമാറി. ഗവർണർ പ്രിൻസ് നാസർ ബിൻ അബ്ദുൽ അസീസിന്റെ സാന്നിധ്യത്തിൽ ലുലു സൗദി ഡയരക്ടർ ഷഹീം മുഹമ്മദ് കരാർ ഒപ്പ് വെച്ചു. പരിസ്ഥിതി-ജല-കൃഷി മന്ത്രാലയ ഡയരക്ടർ ജനറൽ മുഹമ്മദ് ബിൻ അലി അൽ ആതിഫ് ചടങ്ങിൽ സംബന്ധിച്ചു.
കരാറനുസരിച്ച് ഉൽപന്നങ്ങൾ സൗദിയിലെ എല്ലാ ലുലു ശാഖകളിലും ലഭ്യമാക്കും. ഇതിനു പുറമേ ജിസാനിൽ ഉൽപാദിപ്പിക്കുന്ന മറ്റു ഉൽപന്നങ്ങളും ലുലു ശേഖരിച്ച് വിൽപ്പനക്കെത്തിക്കും. കരാർ വഴി കാർഷിക ഉൽപന്നങ്ങളുടെ ഗുണമേൻമ ഉയർത്തുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് എല്ലാ സീസണിലും വിപണി ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു. അഞ്ച് വർഷമാണ് കരാർ കാലാവധി.
Adjust Story Font
16