Quantcast

സൗദി - ഇന്ത്യാ ബന്ധം ഊഷ്മളമാക്കിയ മൻമോഹൻ സിങ്

28 വർഷത്തിന് ശേഷം സൗദി സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Published:

    27 Dec 2024 5:22 PM GMT

Manmohan Singh warmed Saudi-Indian relations
X

റിയാദ്: 28 വർഷങ്ങൾക്ക് ശേഷം സൗദി സന്ദർശിച്ച ഒരു ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻസിങ്. ഇന്ത്യയും സൗദിയും തമ്മിലെ എല്ലാ ഇഷ്ടക്കേടുകളും മാറ്റിവെച്ച് ഇരുരാജ്യങ്ങളും സമ്പൂർണ സഹകരണത്തിലേക്കെത്തിയത് മൻമോഹന്റെ ഭരണകാലത്താണ്. സൗദിയിലെ അബ്ദുല്ല രാജാവിനൊപ്പം അദ്ദേഹം തുടങ്ങിവെച്ച ബന്ധം ഇരുരാജ്യങ്ങളുടെയും ചരിത്രത്തിലെ വഴിത്തിരിവായിരുന്നു.

2006ൽ അബ്ദുല്ല രാജാവിന്റെ സന്ദർശനത്തിനും വഴിയൊരുക്കിയത് മൻമോഹൻ നയിച്ച യുപിഎ സർക്കാറായിരുന്നു. 51 വർഷങ്ങൾക്ക് ശേഷം ഒരു സൗദി രാജാവ് ഇന്ത്യ സന്ദർശിച്ചത് അന്നാണ്. ഊഷ്മളമാകാൻ പോകുന്ന ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഡൽഹി ഡിക്ലറേഷൻ എന്ന പേരിൽ അന്ന് ഒപ്പിട്ട കരാറാണ് പിൽക്കാലത്ത് ഇന്ത്യാ സൗദി ബന്ധത്തിന്റെ ആണിക്കല്ലായത്. ഇന്ത്യക്ക് ദീർഘകാലത്തേക്ക് ക്രൂഡ് ഓയിൽ വിതരണത്തിനുള്ള സമ്മതമായിരുന്നു അത്. പ്രകൃതി വാതകം, വിവിധ മേഖലകളിലെ സഹകരണം എന്നിവയും ഡൽഹി ഡിക്ലറേഷൻ ഉറപ്പാക്കി.

ഇതുകഴിഞ്ഞ് നാലു വർഷം പൂർത്തിയായപ്പോഴായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം. 2010ൽ. 28 വർഷത്തിന് ശേഷം സൗദി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി. ഇതിനാൽ തന്നെ അബ്ദുല്ല രാജാവിന് കീഴിൽ അന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിച്ചത് രാജകീയ വരവേൽപ്പ്. അന്നത്തെ സൗദി കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൽ അസീസും മുഴുവൻ മന്ത്രിസഭാംഗങ്ങളും മൻമോഹനെ വരവേൽക്കാൻ റിയാദിലെ റോയൽ ടെർമിനലിൽ എത്തി. സാധാരണ വിരിക്കാറുള്ള പച്ചപ്പരവതാനിക്ക് പകരം ചുവപ്പ് പരവതാനി വിരിച്ചത് അതിഥിയുടെ പ്രാധാന്യം കണക്കിലെടുത്തുള്ള പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരുന്നു.

സൗദിയുടെ ഉയർന്ന സിവിലിയൻ സ്‌പെഷ്യൽ ക്ലാസ് ബഹുമതി അന്ന് അദ്ദേഹത്തിന് സമ്മാനിച്ചു. കിങ് സഊദ് സർവകലാശാല അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റിലൂടെ ആദരിച്ചു. ഇന്ത്യയിലെ പ്രമുഖരായ 25 സിഇഒമാരും കേന്ദ്ര മന്ത്രിമാരായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ, ശശി തരൂർ എന്നിവരും അന്ന് സൗദിയിലെത്തി.

ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും റിയാദ് കിങ് സഊദ് സർവകലാശാലയും തമ്മിലുള്ള സഹകരണ കരാർ, ഐഎസ്ആർഒയുമായുള്ള സഹകരണ കരാർ, തടവുകാരുടെ കൈമാറ്റം, സാംസ്‌കാരിക സഹകരണം എന്നിവയും അന്ന് ഒപ്പിട്ടു. സൗദിയിലേക്ക് സ്‌കൂൾ ബസ്സുകൾ കൈമാറാൻ ടാറ്റയുമായി 80 ദശലക്ഷത്തിന്റെ കരാർ പിറന്നതും ആ സന്ദർശനത്തിലായിരുന്നു.

പാകിസ്താനുമായുള്ള സൗദി ബന്ധത്തെ തുടർന്ന് ഇന്ത്യയുമായുണ്ടായിരുന്ന വിളളലടച്ചതിന്റെ ക്രെഡിറ്റ് മൻമോഹന്റെ ഭരണകാലത്തിന് അവകാശപ്പെട്ടതാണ്. ഇന്ത്യാ സൗദി വ്യാപാരം ഏറെക്കാലത്തിന് ശേഷം ശക്തമായതും ഈ ടേമിൽ തന്നെ. ഇ അഹമ്മദ് ഉൾപ്പെടെ സഹമന്ത്രിയിലൂടെ പ്രവാസികളുടെ വിഷയങ്ങളും ഈ ഭരണകാലത്ത് കേന്ദ്രത്തിലെത്തി. അബ്ദുല്ല രാജാവും മൻമോഹൻസിങും ഒരുമിച്ച് ഭരണത്തിലിരുന്ന കാലം പ്രവാസികളുടേയും സുവർണ കാലഘട്ടമായിരുന്നു. അതിന്റെ കൂടെ ഓർമകളാണ് മൻമോഹന്റെ വിടവാങ്ങലിലൂടെ ബാക്കിയാകുന്നത്.

TAGS :

Next Story