നിയമലംഘനത്തിന്റെ പേരിൽ സൗദിയിൽ ഒരു മാസത്തിനിടെ പിടിയിലായത് 1,71,000ത്തോളം പേർ
പിടിയിലായവരിൽ കൂടുതൽ വിദേശികൾ
നിയമലംഘനത്തിന്റെ പേരിൽ സൗദിയിൽ ഒരു മാസത്തിനിടെ ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം പേർ പിടിയിലായി. താമസ ചട്ടങ്ങൾ ലംഘിച്ചവരും, തൊഴിൽ നിയമങ്ങൾ പാലിക്കാത്തവരുമാണ് പിടിയിലായത്. കൂടാതെ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച കുറ്റത്തിനും നിരവധി പേരെ അറസ്റ്റ് ചെയ്തു.
ഇഖാമയില്ലാത്തവരും, കാലാവധി കഴിഞ്ഞ ഇഖാമയുള്ളവരും പിടിയിലായവരിലുണ്ട്. ഇത്തരം ആളുകൾക്ക് താമസ സൗകര്യം ചെയ്തു കൊടുത്തവർക്കെതിരെയും നടപടി സ്വീകരിച്ചു. തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും നിരവധി പേർ കഴിഞ്ഞ മാസം പിടിയിലായി.
സ്പോണ്സർക്ക് കീഴിലല്ലാതെ ജോലി ചെയ്യുക, പ്രൊഫഷൻ മാറി ജോലി ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് നിരവധി വിദേശികളും പിടിക്കപ്പെട്ടു. കുറ്റക്കാർക്കെതിരെ തടവും, പിഴയും നാടുകടത്തലുമുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ജോലി നൽകുന്നതും, താമസ സൗകര്യമൊരുക്കുന്നതും ഗതാഗത സൗകര്യം ചെയ്ത് കൊടുക്കുന്നതും കുറ്റകരമാണെന്ന് അധികൃതർ ഓർമിപ്പിച്ചു.
Adjust Story Font
16