Quantcast

ഹജ്ജ് തീർഥാടകർക്ക് സേവനം നൽകാനായി പുണ്യനഗരിയിൽ മശാഇർ മെട്രോ ട്രെയിൻ സജ്ജമായി

അറഫക്കും മിനക്കുമിടയിൽ ഒമ്പത് സ്റ്റേഷനുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് മശാഇർ മെട്രോ സർവീസ് നടത്തുക

MediaOne Logo

Web Desk

  • Published:

    9 Jun 2024 5:08 PM GMT

Mashaer Metro train ready to serve Hajj pilgrims in holy city
X

മക്ക: ഹജ്ജ് തീർഥാടകർക്ക് സേവനം നൽകാനായി പുണ്യനഗരിയിൽ മശാഇർ മെട്രോ ട്രെയിൻ സജ്ജമായി. ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന അറഫ, മുസ്ദലിഫ, മിന എന്നീ പുണ്യ സ്ഥലങ്ങൾക്കിടയിൽ തീർഥാടകർക്ക് സുഖമമായ യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് മശാഇർ മെട്രോ ട്രെയിൻ പ്രവർത്തിക്കുന്നത്. ഇത്തവണ രണ്ടായിരത്തിലധികം ട്രിപ്പുകൾ നടത്താനാണ് പദ്ധതി. ഇതിനുളള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി.

അറഫ, മുതൽ മിന വരെ 18 കിലോമീറ്റർ ദൈർഘ്യത്തിൽ 9 സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ ഇരട്ട റെയിൽ പാത സജ്ജീകരിച്ചിട്ടുള്ളത്. ജമറാത്ത് പാലത്തിന് സമീപമാണ് അവസാന സ്റ്റേഷൻ. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനാൽ പരമാവധി 20 മിനുട്ടിനുള്ളിൽ ഒരു ദിശയിലേക്കുള്ള യാത്ര പൂർത്തിയാക്കാനാകും. 250 പേരെ വീതം ഉൾക്കൊള്ളുന്ന 12 ബോഗികളാണ് ഒരു ട്രെയിനിനുള്ളത്. ഇത്തരത്തിലുള്ള 17 ട്രെയിനുകൾ ഹജ്ജ് വേളയിൽ സർവീസ് നടത്തും.

ഒരു ട്രെയിനിൽ പരമാവധി മൂവായിരം പേർക്ക് വരെ ഒരേ സമയം യാത്ര ചെയ്യാം. ഹജ്ജ് വേളയിൽ മൂന്നര ലക്ഷത്തിലധികം തീർഥാടകർക്ക് ഇതിന്റെ സേവനം ലഭിക്കും. മശാഇർ മെട്രോ ട്രെയിൻ പ്രവർത്തിക്കൂന്നതിലൂടെ ഏകദേശം അര ലക്ഷത്തോളം ബസുകളെയാണ് റോഡിൽ നിന്ന് പിൻവലിക്കാൻ സാധിക്കുക. മണിക്കൂറിൽ ഒരു ദിശയിലേക്ക് 72,000 പേർക്ക് യാത്ര ചെയ്യാനുള്ള ശേഷി ഈ ഇലക്ട്രിക് ട്രൈയിനിനുണ്ട്.

TAGS :

Next Story