മദീനയിലെ ചരിത്ര പ്രസിദ്ധമായ ഗമാമ മസ്ജിദിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി
മദീനയിലെ ഇസ്ലാമിക ചരിത്ര പ്രദേശങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി
Masjid al-Ghamama
റിയാദ്: മദീനയിലെ ചരിത്ര പ്രസിദ്ധമായ ഗമാമ മസ്ജിദിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി. മദീനയിലെ ഇസ്ലാമിക ചരിത്ര പ്രദേശങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി. പ്രവാചകന്റെ ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ് ഈ മസ്ജിദ്.
പഴമയുടെ പെരുമ അതേപോലെ നിലനിർത്തിയാണ് മദീനയിലെ മസ്ജിദ് ഗമാമയിൽ ജോലികൾ പൂർത്തിയാക്കിയത്. പള്ളിയിലെ താഴികക്കുടങ്ങൾ, ഉൾഭാഗം, ചുമരുകൾ എന്നിവയെല്ലാം പുതുക്കി.
പ്രവാചകൻ മുഹമ്മദ് നബി മദീനയിൽ ആദ്യമായി ഈദ് ഗാഹ് അഥവാ പെരുന്നാൾ നമസ്കാരം നടത്തിയ സ്ഥലത്ത് നിർമിച്ചതാണ് ഈ പള്ളി. പ്രവാചകന് മേഘം തണൽവിരിച്ച സ്ഥലത്ത് നിർമിച്ച പള്ളിയെന്ന പേരിലും ഗമാമ വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഇതിൽ നിന്നാണ് മേഘം എന്നർഥമുള്ള ഗമാമ എന്ന പേര് വന്നത്. മസ്ജിദുൽ ഹറമിൽ നിന്നും 300 മീറ്റർ അകലെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ആണ് മസ്ജിദുൽ ഗമാമയുടെ സ്ഥാനം.
ഉമറ്ബ്നുൽ അബ്ദുൽ അസീസാണ് ഈ പള്ളി ആദ്യമായി മെച്ചപ്പെട്ട രീതിയിൽ നിർമിച്ചത്. ഹിജ്റ വർഷം 86ൽ ആയിരുന്നു നിർമാണം. പിന്നീട് ഒട്ടോമൻ ഭരണത്തിന് കീഴിൽ അബ്ദുൽ മജീദ് ഒന്നാമൻ പള്ളി ഇന്നു കാണുന്ന രീതിയിലേക്ക് പുതുക്കി പണിതു. 1859ൽ ആയിരുന്നു ഈ നിർമാണം. മദീനയിലെ വിവിധ ചരിത്ര കേന്ദ്രങ്ങളും സംരക്ഷണ പദ്ധതിയിലുണ്ട്.
Adjust Story Font
16