മീഡിയാ വൺ സൂപ്പർ കപ്പ് മത്സരങ്ങൾ നാളെ; അവസാന ഒരുക്കങ്ങളും പൂർത്തിയായി
ലോകകപ്പ് ഫുട്ബോളിന്റെ കളിയാവേശം ജനങ്ങളിലേക്ക് പകരുകയുമാണ് മേളയുടെ ലക്ഷ്യം
റിയാദ്: മീഡിയ വൺ സൗദി സൂപ്പർകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. റിഫയുമായി സഹകരിച്ചു നടത്തുന്ന ഫാൻസ് ഫുട്ബോൾ മേളക്ക് റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ നാളെ രാത്രി തുടക്കമാകും. വ്യത്യസ്തരായ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കരുത്തരായ എട്ട് ടീമുകള് ലോകകപ്പ് ആവേശം പകർന്ന് മൈതാനത്ത് ഏറ്റുമുട്ടും.
റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ രാത്രി 8.30-ന് ടീമുകളുടെ മാർച്ച്പാസ്റ്റോടെയാണ് ഔപചാരികമായി തുടക്കം കുറിക്കുക. 9.00 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. താരലേലത്തിലൂടെ കരസ്ഥമാക്കിയ 20 കളിക്കാരുമായാണ് ഓരോ ഫാൻസ് ടീമുകളും കളിക്കളത്തിലെത്തുക. ലോകകപ്പ് ഫുട്ബോളിന്റെ സൗഹൃദവും മാനവികവുമായ സന്ദേശങ്ങൾ വിളംബരം ചെയ്യുകയും കളിയാവേശം ജനങ്ങളിലേക്ക് പകരുകയുമാണ് മേളയുടെ ലക്ഷ്യം.
ആദ്യ കളിയിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെയും രണ്ടാം കളിയിൽ അർജന്റീന ജർമനിയെയും നേരിടും. ബ്രസീൽ സൗദി അറേബ്യയുമായും പോർച്ചുഗൽ ഇന്ത്യയുമായും ഏറ്റുമുട്ടും. മത്സരങ്ങളുടെ നടത്തിപ്പിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടൂർണമെന്റ് കമ്മറ്റി ചെയർമാൻ അബ്ദുൽ കരീം പയ്യനാട് പറഞ്ഞു. കായിക സാംസ്കാരിക രംഗത്തുള്ള സൗദി പ്രമുഖരും ടൂർണമെന്റിന്റെ പ്രായോജകരും അതിഥികളായി പങ്കെടുക്കുമെന്ന് മീഡിയ വൺ മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന പറഞ്ഞു. കാൽപന്ത് കളിയുടെ ചാരുതയും കളിയാവേശത്തിന്റെ ആരവവും നേരിൽകാണാനുള്ള സുവർണാവസരം കൂടിയാണ് മീഡിയാ വൺ സൂപ്പർ കപ്പ് മത്സരങ്ങൾ.
Adjust Story Font
16