മീഡിയാവൺ വിലക്കിനെതിരെ സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രതിഷേധ സംഗമം
മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മീഡിയാവൺ വിലക്കിനെതിരെ സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദമ്മാം മീഡിയാഫോറം സംഘടിപ്പിച്ച പരിപാടിയിൽ പ്രവിശ്യയിലെ എഴുപതോളം സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് വീഴുമ്പോൾ സൗദി കിഴക്കൻ പ്രവിശ്യ പ്രതികരിക്കുന്നു എന്ന പേരിലായിരുന്നു പരിപാടി. ദമ്മാം മീഡിയാഫോറം സംഘടിപ്പിച്ച പ്രതിഷേധ സംഗമം മാധ്യമ പ്രവർത്തകൻ ഹബീബ് എലംകുളം ഉദ്ഘാടനം ചെയ്തു. രാജ്യസുരക്ഷയുടെ കാര്യം പറഞ്ഞ് മീഡിയാവൺ സംപ്രേഷണം നിർത്തിവെപ്പിച്ചത് മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള സർക്കാർ നടപടിയുടെ ഭാഗമാണ്. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നത് രാജ്യദ്രോഹ കുറ്റമായി ചിത്രീകരിക്കുന്ന നിശബ്ദ അടിയന്തിരാവസ്ഥയാണ് നിലവിലുള്ളതെന്നും പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.
നവോദയ, നവയുഗം, ഒ.ഐ.സി.സി. കെ.എം.സി.സി, പ്രവാസി സാംസ്‌കാരിക വേദി, ഇന്ത്യൻ സോഷ്യൽ ഫോറം, തനിമ, ഐ.സി.എ.എഫ്, ആർ.സി.സി.സി, യൂത്ത് ഇന്ത്യ, ഇന്ത്യ ഫ്രറ്റേണിറ്റി, ഫോക്കസ്, സിജി, ദമാം ലീഡേഴ്സ് ഫോറം, കസവ്, ഡിസ്പാക്, ഫോർസ, വേൾഡ് മലയാളി കൗൺസിൽ, എം.എസ്.എസ്, കിസ്മത്ത് തുടങ്ങിയ എഴുപതിലധികം സംഘടനാ പ്രതിനിധികൾ പ്രതിഷേധം രേഖപ്പെടുത്തി. മീഡിയാഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. സുബൈർ ഉദിനൂർ ചർച്ച നിയന്ത്രിച്ചു. സിറാജുദ്ദീൻ വെഞ്ഞാറമൂട്, മുജീബ് കളത്തിൽ, പി.ടി അലവി, നൗഷാദ് ഇരിക്കൂർ, ലുഖ്മാൻ വിളത്തൂർ, റഫീഖ് വയനാട്, അശ്രഫ് ആളത്ത്, പ്രവീൺ എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16