സൈന്യം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ; ഹജ്ജിനായി വൻ സുരക്ഷാ ക്രമീകരണങ്ങൾ
ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിനാണ് അറഫ നാളെ സാക്ഷ്യം വഹിക്കാൻ പോകുന്നത്
ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ തയ്യാറെടുത്തതോടെ കനത്ത സുരക്ഷയിലാണ് പുണ്യ നഗരങ്ങൾ. ലോകത്തെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് ഇത്തവണത്തെ ഹജ്ജിലെ പ്രത്യേകതയാണ്. തീർഥാടകർ നീങ്ങുന്ന വഴികളിലെ തിരക്കൊഴിവാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇത്തവണ ഉപയോഗിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിനാണ് അറഫ നാളെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ദേശവും ഭാഷയും വർണവുമൊന്നുമില്ലാതെ എല്ലാ മനുഷ്യരും ഒരു പോലെ ഒരു വസ്ത്രത്തിൽ നാളെ എത്തും. നിന്റെ വിളികേട്ട് ഞാനിതാ എത്തിയിരിക്കുന്നു റബ്ബേ എന്ന ഒരൊറ്റ മന്ത്രത്തോടെ. അവരെ ഏറ്റവും മികച്ച രീതിയിൽ, ക്ഷമയോടെ, സഹനത്തോടെ സഹായിക്കാൻ കാത്തിരിക്കുന്നുണ്ട് സൈനികർ മുതൽ സാധാരണ വളണ്ടിയർമാർ വരെ.
അറഫയിലേക്കുള്ള വഴികളിലെല്ലാം വൻ സുരക്ഷാ വിന്യാസമുണ്ട്. ആകാശത്ത് ഹെലികോപ്റ്ററിന്റേയും ഡ്രോണുകളുടേയും നിരീക്ഷണം. ആരെങ്കിലും പുണ്യ കേന്ദ്രങ്ങളിൽ അതിക്രമിച്ച് കടന്ന് പ്രയാസമുണ്ടാക്കാതിരിക്കാനാണിത്. അറഫയാണ് ഹജ്ജിലെ ഏറ്റവും സുപ്രധാന ചടങ്ങ്. അറഫയിലെത്താത്തവർകക് ഹജ്ജ് നഷ്ടമാകും. അതിനാൽ പുലർച്ചെ മുതൽ ഒഴുകിയൊഴുകിയെത്തുന്ന വിശ്വാസി ലക്ഷങ്ങൾക്ക് വഴിയൊരുക്കും സുരക്ഷാ വിഭാഗങ്ങൾ.
വഴികളിൽ തിരക്കൊഴിവാക്കാനും ആളുകൾ തിങ്ങിപ്പോകാതിരിക്കാനും ആർട്ടിഫ്ഷ്യൽ ഇന്റലിജണൻസ് സാങ്കേതിക വിദ്യ വരെ ഇത്തവണയുണ്ട്. അത്തരം ഭാഗങ്ങളിലേക്ക് സുരക്ഷാ വിഭാഗം പറന്നെത്തി പ്രയാസങ്ങൾ നീക്കും. മിനാ മുതൽ അറഫ വരെയും മറ്റൊരു ഭാഗത്ത് ജംറാത്ത് വരേയും സുരക്ഷാ വിഭാഗങ്ങൾ നിരന്നു കഴിഞ്ഞു.
ഏറ്റവും കായികാധ്വാനവും ക്ഷമയും വേണ്ട കർമമാണ് ഹജ്ജ്. കത്തുന്ന ചൂടാണ് ഇത്തവണ. 45 ഡിഗ്രി സെൽഷ്യസ് വരെ ചൂടെത്താം. ഹാജിമാർക്കായി എല്ലായിടത്തും തണൽ വിരിച്ചിട്ടുണ്ട്. ശീതീകരണ സംവിധാനങ്ങളും, വാട്ടർ സ്പ്രേകളുമുണ്ട് പക്ഷേ വഴി നീളെ ഹാജിമാർക്ക് സുരക്ഷിതമായി ഹജ്ജ് ചെയ്യാൻ സുരക്ഷാ വിഭാഗങ്ങൾ ക്ഷമയോടെ ചൂടേൽക്കും. അള്ളാഹുവിന്റെ അതിഥികളെ സ്വീകരിച്ചു കൊണ്ട് ലോകമെങ്ങുമുള്ള കോടാനുകോടി വിശ്വാസി സമൂഹം, നാളെ, അറഫാ ദിനത്തിൽ നോമ്പു നോറ്റ്, ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
Adjust Story Font
16