ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച ഇരുപതിനായിരത്തിലേറെ സന്ദർശക വിസക്കാർ അറസ്റ്റിലായി
മെയ് 23 മുതൽ സന്ദർശക വിസയിലുള്ളവർ മക്കയിൽ തങ്ങാൻ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു
ജിദ്ദ: ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് മക്കയിൽ തങ്ങിയ ഇരുപതിനായിരത്തിലേറെ സന്ദർശക വിസക്കാർ അറസ്റ്റിലായി. മെയ് 23 മുതൽ സന്ദർശക വിസയിലുള്ളവർ മക്കയിൽ തങ്ങാൻ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഞായറാഴ്ച മുതൽ ഹജ്ജ് പെർമിറ്റില്ലാത്തവരെ കണ്ടെത്താൻ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
ദുൽഹിജ്ജ 15 വരെ ഒരു മാസക്കാലം ഈ നിയന്ത്രണം തുടരും. നിയമലംഘകരെ കണ്ടെത്താനായി മക്കയിലൂടനീളം ശക്തമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. സന്ദർശക വിസയിലെത്തുന്നവർക്ക് ഹജ്ജ് ചെയ്യാൻ അനുവാദമില്ല. സന്ദർശക വിസക്കാർ അനധികൃതമായി ഹജ്ജിനെത്താനുള്ള സാധ്യതയുള്ളതിലാണ് പരിശോധന ശക്തമാക്കിയത്. വിലക്ക് ലംഘിച്ചും മക്കയിൽ തങ്ങുന്നവർക്ക് ഹജ്ജ് ചട്ടങ്ങൾ ലംഘിച്ചതിന് സമാനമായ ശിക്ഷ ലഭിക്കും.
വിസിറ്റ് വിസക്കാർക്ക് പുറമെ, ഉംറ ട്രാൻസിറ്റ്, വിസകളിലുള്ളവർക്കും ഹജ്ജ് ചെയ്യാൻ അനുമതിയില്ല. ഹജ്ജ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകുന്ന ജൂണ് 2 ഞായറാഴ്ച മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും മക്കയിലുടനീളവും പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പൊതു സുരക്ഷ വിഭാഗം അറിയിച്ചു.
ജൂൺ 20 വ്യാഴാഴ്ച വരെയാണ് മക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളിൽ ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ ശക്തമായ ശിക്ഷ നടപടികൾ സ്വീകരിക്കും. എന്നാൽ മക്ക ഇഖാമയുള്ളവർക്കും പ്രത്യേക പെർമിറ്റ് നേടിയവർക്കും ഇതിൽ ഇളവുണ്ട്. മക്കയിലേക്കുള്ള ചെക്ക് പോയിന്റുകൾ, റുസൈഫ റെയിൽവേ സ്റ്റേഷൻ, മക്ക നഗരം, ഹറം പരിസരം, സുരക്ഷ കേന്ദ്രങ്ങൾ, സോർട്ടിംഗ് കേന്ദ്രങ്ങൾ ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പുണ്യ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കുമെന്ന് സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകി.
Adjust Story Font
16