Quantcast

റമദാനിലെ ആദ്യ ജുമുഅക്ക് മക്ക ഹറമിൽ എത്തിയത് 5 ലക്ഷത്തിലേറെ പേർ

രാത്രി നമസ്കാരങ്ങളിലും വിശ്വാസികളുടെ തിരക്ക്

MediaOne Logo

Web Desk

  • Updated:

    7 March 2025 4:57 PM

Published:

7 March 2025 4:48 PM

റമദാനിലെ ആദ്യ ജുമുഅക്ക് മക്ക ഹറമിൽ എത്തിയത് 5 ലക്ഷത്തിലേറെ പേർ
X

ജിദ്ദ: റമദാനിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികളാൽ നിറഞ്ഞു മക്കയും മദീനയും. പുണ്യ റമദാനിന്റെ ആത്മനിർവൃതിയിൽ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാൻ ലക്ഷങ്ങളാണ് ഇരുഹറമുകളിലും എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകർക്ക് പുറമെ, വെള്ളിയാഴ്ച പ്രാർഥനകളിൽ പങ്കെടുക്കാൻ ഇന്നലെ രാത്രി മുതൽ തന്നെ മക്കയിലേക്കും മദീനയിലേക്കും സൗദിക്കകത്ത് നിന്നും വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. ജുമുഅക്ക് മുമ്പ് പതിവിലും നേരത്തെ മക്ക ഹറമിൻറെ അകവും പുറവും മേൽത്തട്ടുകളും മുറ്റവും കവിഞ്ഞ് റോഡുകളിലേക്ക് നീണ്ടു.

മക്കയുടെയും മദീനയുടെയും പരിസര പ്രദേശങ്ങളിൽനിന്ന് ഹറമുകളിലെ ജുമുഅയിൽ പങ്കെടുക്കാനെത്തിയവരിൽ അധിക പേരും ഇഫ്താറിലും രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിലും പങ്കെടുത്ത ശേഷമാണ് ഹറമുകളോട് വിടപറയുക. മക്കയിൽ ഡോക്ടർ അബ്ദുല്ല അൽ ജുഹനി മദീനയിൽ ഡോക്ടർ അഹ്‌മദ് ഹുദൈഫിയും റമദാനിലെ ആദ്യ ജുമുഅ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകി.

ഇരുഹറം കാര്യാലയത്തിന്റെ മേൽനോട്ടത്തിൽ ജുമുഅക്കെത്തുന്നവരെ സ്വീകരിക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഹറമുകളുടെ കൂടുതൽ കവാടങ്ങൾ തുറന്നിട്ടും, ഹറമിലേക്ക് എത്തുന്ന റോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി കാൽനടക്കാരുടെ സഞ്ചാരം സുഗമമാക്കുകയും ചെയ്തു.

TAGS :

Next Story