78,000ത്തിലേറെ സൗദി വനിതകൾ ഉയർന്ന ഉദ്യോഗത്തിലെന്ന് കണക്ക്
അഞ്ചര ലക്ഷത്തിലധികം സൗദി സ്ത്രീകൾ ബിസിനസ് ഉടമകൾ

റിയാദ്: സൗദി വനിതകളിൽ 78,000ത്തിലേറെ പേർ ഉയർന്ന ഉദ്യോഗത്തിലുണ്ടെന്ന് കണക്കുകൾ. അഞ്ചര ലക്ഷത്തിലധികം സൗദി സ്ത്രീകൾ ബിസിനസ് ഉടമകളായും രാജ്യത്തുണ്ട്. ഫ്രീലാൻസ്, ടൂറിസം എന്നീ മേഖലകളിലും വനിതാ സാന്നിധ്യം വർധിച്ചിട്ടുണ്ട്.
മാനേജ്‌മെന്റ്, ടോപ് എക്‌സിക്യൂട്ടീവ്, ഡയറക്ടറേറ്റ്, പ്രസിഡന്റ്, സി.ഇ.ഒ. തുടങ്ങി ഉന്നത സ്ഥാനങ്ങളിൽ സ്ത്രീ സാന്നിധ്യം വർധിച്ചതായാണ് കണക്കുകൾ. വനിതകളുടെ ആഗോളതലത്തിൽ സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുക, വ്യവസായങ്ങളിൽ നേതൃത്വ സാധ്യതകൾ ഉയർത്തുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സൗദി നടപ്പാക്കുന്നുണ്ട്.
സ്വന്തമായി ബിസിനസ് സ്ഥാപങ്ങൾ നടത്തുന്ന സ്ത്രീകൾ അഞ്ചര ലക്ഷത്തിലധികമായെന്നും കണക്കുകൾ പറയുന്നു. വിവിധ മേഖലകളിലായിട്ടാണ് ഇത്തരം ബിസിനസ് സംരംഭങ്ങൾ പ്രവർത്തിക്കുന്നത്. ഫ്രീലാൻസ് മേഖലയിൽ മാത്രം ജോലി ചെയ്യുന്നത് 449,725 വനിതകളാണ്. 111,259 സൗദി സ്ത്രീകളാണ് ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നത്. 98 ലക്ഷം സൗദി വനിതകളിൽ 36.2% സ്ത്രീകളും ജോലി വിപണിയിൽ സജീവമാണ്. നിലവിലെ ജനസംഖ്യാനുപാതം 31.3% ആയി ഉയർന്നിട്ടുണ്ട്. വനിതകൾക്കായുള്ള ജോലി സാധ്യതകൾ നിലവിൽ രാജ്യത്ത് വർധിക്കുന്നുണ്ട്. കൂടുതൽ അവസരങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.
Adjust Story Font
16