സൗദിയിലെ ടൂറിസം മേഖലയിൽ ഒൻപതര ലക്ഷത്തിലധികം പേർ ജോലി ചെയ്യുന്നതായി റിപ്പോർട്ട്
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്കുകൾ പുറത്തുവിട്ടത്
ദമ്മാം: സൗദിയിൽ ടൂറിസം മേഖലയിൽ ജോലിയെടുക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ വർധനവ്. രാജ്യത്ത് ടൂറിസം പദ്ധതികളിലെ ജീവനക്കാരുടെ എണ്ണം ഒൻപതര ലക്ഷം കവിഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സ്വദേശികൾക്ക് പുറമേ വിദേശികളും മേഖലയിൽ സജീവമാണ്.
2024 രണ്ടാം പാദത്തിൽ ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാരുടെ എണ്ണം 959,179 ൽ എത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.1 ശതമാനം കൂടുതലാണ്. സ്വദേശി തൊഴിലാളികളുടെ എണ്ണം 245,905 ആയും ഇക്കാലയളവിൽ ഉയർന്നു. ഇത് മൊത്തം പങ്കാളിത്ത നിരക്കിൻറെ 25.6ശതമാനം വരും.
അതേസമയം സൗദി ഇതര തൊഴിലാളികളുടെ എണ്ണം 713,270 ആയി, ടൂറിസം പ്രവർത്തനങ്ങളിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ 74.4 ശതമാനം വരുമിത്. പുരുഷ തൊഴിലാളികളുടെ എണ്ണം 831,076 ആയും, വനിത ജീവനക്കാരുടെ എണ്ണം 128,099 ആയി ഉയർന്നതായും റിപ്പോർട്ട് വിശദീകരിക്കുന്നു. എണ്ണ വരുമാനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജി.ഡി.പി വളർച്ച ലക്ഷ്യമിടുന്ന മേഖല കൂടിയാണ് ടൂറിസം.
Adjust Story Font
16